കൊച്ചി: ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ സ്ഥാപകനായ കെ.പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പിന് എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി, ബിഇ/ ബിടെക്/ ബിആര്‍ക്, ബി.എസ്.സി നേഴ്‌സിങ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, എം.ബി.എ/ പി.ജി.ഡി.എം (ഫുള്‍ടൈം) എന്നീ കോഴ്‌സുകളില്‍ 2025-26 വര്‍ഷത്തില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഒന്നിലെ സ്വദേശികളായിരിക്കണം.വീരമൃത്യു വരിച്ച സായുധ സേനാംഗങ്ങളുടെ ആശ്രിതര്‍, കാഴ്ച സംസാര കേള്‍വി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ട്യൂഷന്‍ ഫീസും മറ്റ് ചെലവുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പായി ലഭിക്കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് വാര്‍ഷിക വരുമാന വ്യവസ്ഥ ബാധകമല്ല.
‘അവസരങ്ങളിലേക്കുള്ള വാതില്‍ തുറക്കുകയും വിയോജിപ്പുകളെ കൂട്ടിയിണക്കുകയും ചെയ്യുന്ന വിദ്യാഭ്യാസം, സാഹചര്യങ്ങള്‍ക്കപ്പുറം കഴിവ് വിജയത്തെ നിര്‍വചിക്കുന്ന ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യുന്നു. പഠിക്കാനും വളരാനും രാഷ്ട്രത്തിന്റെ പുരോഗതിക്കു സംഭാവന നല്‍കാനുമുള്ള അവസരം ഇന്ത്യയിലെ ഊര്‍ജ്ജസ്വലരായ യുവജനതയ്ക്ക് ലഭിക്കുന്നു എന്നുറപ്പുവരുത്താനുള്ള ഒരു ശ്രമമാണ് ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്കിന്റെ ചീഫ് ഹ്യുമന്‍ റിസോഴ്‌സസ് ഓഫീസറായ എന്‍ രാജനാരായണന്‍ പറഞ്ഞു.
അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കുമായി https://www.federal.bank.in/documents/d/guest/federal-bankhormsimemorialfoundationscholarships-2025-26-website-announcement-final എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ ബാങ്കിന്റെ വെബ് സൈറ്റിലെ സി എസ് ആര്‍ പേജില്‍ ലഭ്യമാണ്.അപേക്ഷ നല്‍കേണ്ട അവസാന തീയതി 2025 ഡിസംബര്‍ 31

