സീഫുഡ് കയറ്റുമതി പ്രതിസന്ധയില്‍ ; മൂല്യവര്‍ധിത ഉല്‍പാദനം വര്‍ധിപ്പിക്കണം

സമുദ്രോല്‍പന്ന കയറ്റുമതി രംഗം പിടിച്ചു നിര്‍ത്തുന്നതിന് വിപണി വൈവിധ്യവല്‍കരണത്തിനും ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ദ്ധന നല്‍കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
കൊച്ചി: അമേരിക്ക അധിക തീരുവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിലാണെന്നും പരിഹാരമായി സമുദ്രോല്‍പന്ന മൂല്യവര്‍ധിത ഉല്‍പാദനത്തിന് ഊന്നല്‍ നല്‍കണമെന്നും വിദഗ്ധര്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടക്കുന്ന നാലാമത് ആഗോള മറൈന്‍ സിംപോസിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യവസായ സംഗമത്തിലാണ് നിര്‍ദേശം. അമേരിക്ക ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയായിരുന്നു. സമുദ്രോല്‍പന്ന കയറ്റുമതി രംഗം പിടിച്ചു നിര്‍ത്തുന്നതിന് വിപണി വൈവിധ്യവല്‍കരണത്തിനും ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ദ്ധന നല്‍കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. 2025 ഏപ്രില്‍സെപ്റ്റംബര്‍ മാസങ്ങളില്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഏകദേശം 6 ശതമാനം കുറവുണ്ടായി. എന്നാല്‍, ഇതേ കാലയളവില്‍ ചൈന, വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും
മത്സ്യബന്ധന മേഖലയുടെ പുനരുജ്ജീവനത്തിനായി ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലും പുനഃസംസ്‌കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വ്യവസായ സംഗമം ശുപാര്‍ശ ചെയ്തു.

ഗവേഷകര്‍, സാങ്കേതിക വിദഗ്ധര്‍, വ്യവസായികള്‍, നയരൂപീകരണ വിദഗ്ധര്‍ എന്നിവരുടെ കൂട്ടായ ശ്രമങ്ങളിലൂടെ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് സംവിധാനം ശക്തിപ്പെടുത്തണം. സമുദ്രോല്‍പന്നങ്ങള്‍ അതേ രൂപത്തില്‍ മൊത്തമായി കയറ്റുമതി ചെയ്യുന്ന രീതിയില്‍ നിന്ന് മാറി, റെഡി ടു ഈറ്റ് രൂപത്തിലുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി കയറ്റുമതി ചെയ്യണം. ബ്രെഡഡ് സ്‌ക്വിഡ് റിംഗുകള്‍, സുരിമി ഉല്‍പ്പന്നങ്ങള്‍, ഫിഷ് ഫില്ലറ്റുകള്‍ എന്നിങ്ങനെ വിവിധതരം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. നിലവില്‍ ഇന്ത്യയുടെ മൂല്യവര്‍ദ്ധിത കടല്‍വിഭവ കയറ്റുമതി 742 മില്യണ്‍ യു.എസ്. ഡോളറാണ്. ഇത് ചൈന, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ഇക്വഡോര്‍, ഇന്തോനേഷ്യ തുടങ്ങിയ പ്രധാന എതിരാളികളേക്കാള്‍ വളരെ പിന്നിലാണെന്നും യോഗം വിലയിരുത്തി. ആഗോള വിപണിയില്‍ മത്സരക്ഷമത വീണ്ടെടുക്കുന്നതിന് എക്‌സ്‌ക്ലൂസീവ് അക്വാകള്‍ച്ചര്‍ സോണുകള്‍ പ്രഖ്യാപിക്കാനും സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് വേഗത കൂട്ടാനും  വ്യവസായ സംഗമം നിര്‍ദേശിച്ചു. മത്സ്യകര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, കയറ്റുമതി, ചെമ്മീന്‍ ഉത്പാദനം, ഫിഷ് മീല്‍, അക്വാ ഫീഡുകള്‍, സാഹസിക കായിക വിനോദങ്ങള്‍, തീരദേശ ഇക്കോടൂറിസം തുടങ്ങിയ മേഖലകളിലെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.സിഫ്റ്റ്് ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാന്‍, സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ജോ ഗ്രിന്‍സണ്‍ ജോര്‍ജ്,  ഡോ. എ. ജെ തരകന്‍, എം.പി.ഇ.ഡി.എ ഡയറക്ടര്‍ ഡോ റാം മോഹന്‍, ജോയിന്റ് ഡയറക്ടര്‍ അനില്‍കുമാര്‍,  ഡോ. ജോ കെ. കിഴക്കൂടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു