‘സെപ’ വാണിജ്യ കരാര്‍ കേരളത്തിലെ എം.എസ്.എം.ഇ മേഖലയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. സംരംഭക വര്‍ഷത്തിലൂടെ 475,000 പുതിയ എം.എസ്.എം.ഇ സംരംഭങ്ങളാണ് കേരളത്തില്‍ തുടങ്ങിയത്.
കൊച്ചി: രാജ്യാന്തര വാണിജ്യ കരാറുകള്‍ ഏറെ ഗുണകരമായത് കേരളത്തിനാണെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മ്ദ് ഹനീഷ് പറഞ്ഞു. യു.കെ -ഇന്ത്യ സമഗ്ര വാണിജ്യ കരാര്‍ സംബന്ധിച്ച് ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഫിക്കി സംഘടിപ്പിച്ച ശില്പശാലയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘സെപ’ വാണിജ്യ കരാര്‍ കേരളത്തിലെ എം.എസ്.എം.ഇ മേഖലയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. സംരംഭക വര്‍ഷത്തിലൂടെ 475,000 പുതിയ എം.എസ്.എം.ഇ സംരംഭങ്ങളാണ് കേരളത്തില്‍ തുടങ്ങിയത്. ഇതില്‍ 38 ശതമാനവും ഭക്ഷ്യ സംസ്കരണ മേഖലയിലാണ്. ഇതില്‍ ഏറിയ പങ്കും വനിതകളുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദന ചെലവ്, ഗുണമേന്മ, മൂല്യ വര്‍ധിതം എന്നീ മൂന്ന് ഘടകങ്ങളാണ് ഏതൊരു ഉല്‍പ്പന്നത്തിനും മത്സര വിപണി സാധ്യമാക്കുന്നതെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. ആയാസരഹിതമായ ബിസിനസും പ്രവര്‍ത്തന സൗകര്യവും ഒരുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ നല്‍കിയാണ് യു.കെയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ കരാറിന് രൂപം നല്‍കിയതെന്ന് യു.കെ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ അധ്യക്ഷന്‍ റിച്ചാര്‍ഡ് ഹെല്‍ഡ് പറഞ്ഞു.
കേരളത്തിന് ഏറെ പ്രയോജനം ചെയ്യുന്നതും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് എഫ്.ഡി.ഐ സ്വീകരിക്കുന്നതില്‍ നിര്‍ണായകമായ ചുവട് വെയ്ക്കുന്നതുമാണ് യു.കെ- ഇന്ത്യ വാണിജ്യ കരാറെന്ന് സെന്റര്‍ ഫോര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലോ പ്രൊഫസറും മേധാവിയുമായ ഡോ.ജെയിംസ് ജെ നെടുമ്പാറ ചൂണ്ടിക്കാട്ടി. എം.എസ്.എം.ഇകളുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന സമഗ്രമായ കരാറാണ് സി.ഇ.ടി.എയെന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഗുര്‍കരണ്‍ സിങ് ബൈന്‍സ് പറഞ്ഞു. ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ കണക്കിലെടുക്കുമ്പോള്‍, ഭാവിയില്‍ വളരെയധികം അവസരങ്ങളാണ് ഈ വാണിജ്യ കരാറിലൂടെ സാധ്യമാകുന്നത്. പ്രത്യേകിച്ചും, കേരളത്തിന് സമുദ്രോല്‍പ്പന്നം, കയര്‍, തേയില, കാപ്പി എന്നീ മേഖലകളില്‍ വലിയ സാധ്യതകളുണ്ട്. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ബ്രാന്‍ഡിംഗ് സംരംഭങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് വിപണിയില്‍ ഗുണമേന്മ ഉറപ്പ് വരുത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡ്സ് ഹസന് ഹുസ്സൈന്‍ പറഞ്ഞു. ഫിക്കി കെ.ഇ.എസ്.സി ടാസ്ക് ഫോഴ്സ് ഓണ്‍ എക്സ്പോര്‍ട്സ് ചെയര്മാന് അലക്സ് കെ. നൈനാന്, ഫിക്കി കേരള മേധാവി സാവിയോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

