നിശ്ചിത സമയത്തിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കണമെന്ന കമ്പനികളുടെ കടുത്ത സമ്മര്‍ദ്ദം മൂലം ഡെലിവറി ഏജന്റുമാര്‍ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി; ’10 മിനിറ്റ് ഡെലിവറി’ എന്ന അതിവേഗ സേവനത്തിന്റെ പേരില്‍ റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഡെലിവറി കമ്പനികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി. നിശ്ചിത സമയത്തിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കണമെന്ന കമ്പനികളുടെ കടുത്ത സമ്മര്‍ദ്ദം മൂലം ഡെലിവറി ഏജന്റുമാര്‍ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിഗ്നല്‍ ലംഘനം, തെറ്റായ ലെയ്ന്‍ മാറ്റം, സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാതെയുള്ള യാത്ര എന്നിവ റൈഡര്‍മാര്‍ക്കിടയില്‍ പതിവാകുന്നത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് മരണങ്ങള് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് വകുപ്പിന്റെ ഇടപെടല്‍.അതിവേഗ ഡെലിവറി സംവിധാനം റോഡ് സുരക്ഷയെ ബാധിക്കില്ലെന്ന് എങ്ങനെ ഉറപ്പാക്കുന്നുവെന്നും റൈഡര്‍മാരുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വിശദീകരിക്കാന്‍ കമ്പനികളോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമയം ജീവനേക്കാള്‍ പ്രധാനമാണെന്ന തെറ്റായ സന്ദേശമാണ് ഇത്തരം ബിസിനസ് മാതൃകകള്‍ നല്‍കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് വൃത്തങ്ങള്‍ നിരീക്ഷിച്ചു. റോഡ് സുരക്ഷ മുന്‍നിര്‍ത്തി അതിവേഗ ഡെലിവറി സംവിധാനങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും നിയമലംഘനങ്ങള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം മുന്നറിയിപ്പ് നല്കി. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

