കാലാവസ്ഥാ വെല്ലുവിളികളെ നാളികേര മേഖലയിലെ  വളര്‍ച്ചയ്ക്കുള്ള അവസരങ്ങളാക്കണം: കൊച്ചി മേയര്‍  

സ്ഥാപക ദിനത്തോടനുബന്ധിച്ച് നഗരത്തിലെ  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്ര രചനാ മത്സരത്തില്‍  വിജയികളായവര്‍ക്ക് മേയര്‍ ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും നാളികേര ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള അവസരങ്ങളാക്കി മാറ്റണമെന്ന് കൊച്ചി മേയര്‍ അഡ്വ. വി. കെ. മിനിമോള്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, കീട രോഗാക്രമണം എന്നിവ ഉള്‍പ്പെടെയുള്ള ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നവീന സമീപനങ്ങളോടെ നേരിടുകയും, അവയെ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുകയും വേണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നാളികേര സംസ്‌കരണം, സംരംഭകത്വം, അഗ്രിബിസിനസ് മേഖലകള്‍ എന്നിവയില്‍ യുവജനങ്ങളുടെ സജീവ പങ്കാളിത്തമാണ് നാളികേര മേഖലയിലെ ഭാവി നിര്‍ണയിക്കുന്നതെന്നും മേയര്‍ പറഞ്ഞു. നാളികേര വികസന ബോര്‍ഡിന്റെ 46-ാമത് സ്ഥാപക ദിനാഘോഷങ്ങള്‍ കാരിക്കാമുറി ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.   നാളികേരം മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായതിനാല്‍,  കേരളത്തിന്റെ തന്നെ പേരിനു കാരണമായ  ഈ വിളയുടെ  കൃഷിയും ഉല്‍പ്പാദനവും നമുക്കു വര്‍ദ്ധിപ്പിച്ചേ മതിയാവൂവെന്നും മേയര്‍ പറഞ്ഞു. ടി.ജെ വിനോദ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സഞ്ജു സൂസന്‍ മാത്യു, കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാര്‍, നാളികേര വിസന ബോര്‍ഡ് സെക്രട്ടറി പ്രമോദ് പി, കുര്യന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. ജയനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ച് നഗരത്തിലെ  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്ര രചനാ മത്സരത്തില്‍  വിജയികളായവര്‍ക്ക് മേയര്‍ ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ വിവിധ നാളികേര ക്ലസ്റ്ററുകളില്‍ നിന്നായി ഇരുനൂറോളം കൃഷിക്കാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.  ബോര്‍ഡിന്റെ വിവിധ പദ്ധതികളെ കുറിച്ച് ഡവലപ്‌മെന്റ് ഓഫീസര്‍ വിന്‍സി വര്‍ഗീസ്, ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ റിച്ചി റേച്ചല്‍ മാത്യു, മാര്‍ക്കറ്റിംങിനെയും കയറ്റുമതിയെയും കുറിച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ എം. എ ലീനാ മോള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു