അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയെ ആക്ഷേപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വഴി ഏതാനും യൂട്യൂബര്‍ മാര്‍ നടത്തുന്ന പ്രചാരണം വളരെ വേദനയുളവാക്കുന്നതാണ്, ഇത് ശരിയായ മാധ്യമ പ്രവര്‍ത്തനമാണോയെന്ന് അവര്‍ തന്നെ വിലയിരുത്തണം.
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫിസില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന എല്ലാ വര്‍ഷവും നടക്കാറുള്ള സാധാരണ പരിശോധന മാത്രമായിരുന്നുവെന്നും എന്തെങ്കിലും ക്രമക്കേടിന്റെയോ പരാതിയുടെയോ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയല്ലെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി. എ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയെ ആക്ഷേപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വഴി ഏതാനും യൂട്യൂബര്‍ മാര്‍ നടത്തുന്ന പ്രചാരണം വളരെ വേദനയുളവാക്കുന്നതാണ്, ഇത് ശരിയായ മാധ്യമ പ്രവര്‍ത്തനമാണോയെന്ന് അവര്‍ തന്നെ വിലയിരുത്തണം. ഇ.ഡി പോലുള്ള ഒരു ഏജന്‍സിയും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫിസില്‍ റെയ്ഡ് നടത്തിയിട്ടില്ല. അത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
കമ്പനി ആരംഭിച്ചതു മുതല്‍ ഇന്നുവരെ ആരെയെങ്കിലും കബളിപ്പിക്കുകയോ ആരുടെയെങ്കിലും കൈയ്യില്‍ നിന്നും അനാവശ്യമായി പണം വാങ്ങുകയോ ചെയ്തിട്ടില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ക്ലൈന്റസ് അല്ലാതെ ഒരാളും പണം നിക്ഷേപിച്ചിട്ടില്ല. അത്തരം ഇടപാടുകളുടെ തെളിവ് കൊണ്ടുവന്നാല്‍ അതിന്റെ ഇരട്ടിയായി തങ്ങള്‍ തിരിച്ചുകൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫിഡന്റ് മാസ്റ്റര്‍ ബില്‍ഡര്‍ എന്ന നിലയിലേയ്ക്ക് ഉയര്‍ന്നു വന്നിട്ടുള്ള ഉത്തരവാദിത്വമുള്ള ഒരു കമ്പനിയാണ്. എന്നാല്‍ കള്ളക്കടത്തും ബിനാമിയും മണി ലോണ്ടറിങ്ങും നടത്തുന്ന കമ്പനിയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ പലരും ശ്രമിച്ചുവെങ്കിലും തങ്ങളെ വിശ്വസിക്കുന്നവര്‍ക്ക് കാര്യം വ്യക്തമായി മനസിലാക്കിയിട്ടുണ്ട്. ഒരു വിധത്തിലുള്ള കള്ളക്കച്ചവടവും തങ്ങള്‍ നടത്തിയിട്ടില്ല. ബംഗളുരുവും കേരളവും വെവ്വേറെ ഡിവിഷനായി ഒത്തൊരുമയിലാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായി തന്നെ തുടരുന്നുണ്ടെന്നും പുതിയ പ്രൊജക്ടുകള്‍ പ്ലാനിങ്ങില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു . സെയില്‍, കളക്ഷന്‍ , കണ്‍സ്ട്രക്ഷന്‍ എന്ന ആപ്തവാക്യത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിച്ചു വരുന്നതാണ് തങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.

