അയ്യപ്പന്‍ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും

ശസ്ത്രക്രിയ ഡോക്ടര്‍ ബിനോജ്. എസ്. ടി., ഡോക്ടര്‍ സുധീന്ദ്രന്‍. എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
കൊച്ചി:  മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായ അയ്യപ്പന്‍ (75) ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃപ്പൂണിത്തുറയില്‍ വച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് പൂണിത്തുറ അമൃതഗിരി വീട്ടില്‍ പി. അയ്യപ്പന് ഗുരുതരമായി പരിക്കേറ്റത്; തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്‌ക മരണം കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍  സ്ഥിരീകരിക്കുകയായിരുന്നു.
അന്തരിച്ച ലതയാണ് അയ്യപ്പന്റെ ഭാര്യ. അമൃത ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരിയായ മകള്‍ ധന്യയും, മകന്‍ ധനേഷും  കടുത്ത ദുഃഖത്തിനിടയിലും അവയവദാനം എന്ന മഹത്തായ തീരുമാനത്തിന് മുന്നോട്ടുവരികയായിരുന്നു.
സര്‍ക്കാര്‍ ഏജന്‍സിയായ കെസോട്ടോ വഴിയാണ് അവയവദാനം നടപടികള്‍ പൂര്‍ത്തിയാക്കിയത്. അയ്യപ്പന്റെ വലതു കൈ ഇന്ത്യയിലെ ആദ്യ കൈമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പ്രശസ്ത സര്‍ജന്‍ ഡോക്ടര്‍ സുബ്രഹ്മണ്യ അയ്യരുടെ  നേതൃത്വത്തിലാണ് അമൃത ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള പത്തനംതിട്ട ജില്ലയിലെ പെരുനാട് സ്വദേശി 47 വയസ്സുള്ള കിഷോറിനു നല്‍കിയത്. അമൃത ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള മറ്റൊരു പത്തനംതിട്ട ജില്ലയിലെ കുമ്പഴ വെട്ടൂര്‍ സ്വദേശി ആയ 58 കാരന് കരള്‍ മാറ്റിവെക്കല്‍ നടത്തിയത്. ശസ്ത്രക്രിയ ഡോക്ടര്‍ ബിനോജ്. എസ്. ടി., ഡോക്ടര്‍ സുധീന്ദ്രന്‍. എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കണ്ണുകള്‍ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു. അച്ഛന്റെ വിയോഗം വലിയൊരു വേദനയാണെങ്കില്‍  പോലും അച്ഛന്‍ വഴി ഒരുപാട് ആളുകള്‍ക്ക് ജീവിതം തിരികെ ലഭിക്കുന്നത്  സന്തോഷം നല്‍കുന്ന കാര്യമാണെന്നും, അവയവദാനത്തിന്റെ പ്രസക്തി തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും തങ്ങളുടെ പിതാവിന് നല്‍കാവുന്ന ഏറ്റവും വലിയ ആദരമാണ് ഇതെന്നും മക്കളയാ ധന്യയും ധനേഷും പറഞ്ഞു. മരണാനന്തര അവയവ ദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ അയ്യപ്പന്റെ മൃതദേഹം അമൃത ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍  ഡോക്ടര്‍മാരും  ജീവനക്കാരുമടക്കമുള്ളവര്‍  അന്തിമോപചാരം അര്‍പ്പിക്കുകയും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും ചെയ്തു .
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു