ഇത്തരം സൗകര്യങ്ങള്‍ ഒരുമിച്ച് ലഭ്യമാകുന്നത് കാഴ്ചപരിമിതിയുള്ള യാത്രക്കാര്‍ക്ക് സ്‌റ്റേഷനില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും യാത്ര സ്വയം ആസൂത്രണം ചെയ്യാനും സഹായകരമാകും.
കൊച്ചി: കാഴ്ചപരിമിതിയുള്ള യാത്രക്കാര്‍ക്ക് സ്‌റ്റേഷന്‍ പരിസരം കൂടുതല്‍ സുഗമമായി മനസ്സിലാക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും സഹായിക്കുന്നതിനായി കൊച്ചി മെട്രോ ബ്രെയില്‍ സ്‌റ്റേഷന്‍ മാപ്പും ഹാന്‍ഡ്‌റെയിലുകളിലെ ബ്രെയില്‍ സൂചനകളും ഒരുക്കി. കൊച്ചി മെട്രോയുടെ ചങ്ങമ്പുഴ പാര്‍ക്ക് സ്‌റ്റേഷനിലാണ് സി.ഐ.ഐ-യംഗ് ഇന്ത്യന്‍സിന്റെ പ്രോജക്ട് ദിശയുടെ സഹകരണത്തോടെ ഇവര ഒരുക്കിയിരിക്കുന്നത്. സ്‌റ്റേഷന്റെ വിന്യാസം സ്പര്‍ശമാര്‍ഗ്ഗം തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് ബ്രെയില്‍ സ്‌റ്റേഷന്‍ മാപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ പ്രവേശന കവാടങ്ങള്‍, ടിക്കറ്റ് കൗണ്ടര്‍, എസ്‌കലേറ്റര്‍, ലിഫ്റ്റ്, പ്ലാറ്റ്‌ഫോം തുടങ്ങിയ പ്രധാന സൗകര്യങ്ങള്‍ എവിടെയാണെന്ന് കാഴ്ചപരിമിതിയുള്ള യാത്രക്കാര്‍ക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ഇതിനൊപ്പം സ്‌റ്റേഷനിലെ ഹാന്‍ഡ്‌റെയിലുകളില്‍ ബ്രെയില്‍ അടയാളങ്ങളും ദിശാസൂചനകളും സ്ഥാപിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ തുടര്‍ച്ചയായി ലഭിക്കുന്ന ഈ സ്പര്‍ശ സൂചനകള്‍ യാത്രക്കാരെ ശരിയായ ദിശയില്‍ നയിക്കുകയും പ്രധാന സൗകര്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. ബ്രെയില്‍ ബോര്‍ഡുകളും മറ്റ് ദിശാസൂചനകളും ഉള്‍പ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ സംവിധാനം കാഴ്ചപരിമിതിയുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാന്‍ അവസരമൊരുക്കും. ഇത്തരം സൗകര്യങ്ങള്‍ ഒരുമിച്ച് ലഭ്യമാകുന്നത് കാഴ്ചപരിമിതിയുള്ള യാത്രക്കാര്‍ക്ക് സ്‌റ്റേഷനില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും യാത്ര സ്വയം ആസൂത്രണം ചെയ്യാനും സഹായകരമാകും. അതോടൊപ്പം മറ്റുള്ളവരുടെ സഹായത്തെ ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കുന്നതിനും ഇത് വഴിയൊരുക്കും. കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ (സിസ്റ്റംസ്) സഞ്ജയ് കുമാര്‍, ചീഫ് ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) എ. മണികണ്ഠന്‍, ജനറല്‍ മാനേജര്‍ (എച്ച്.ആര്‍) മിനി ഛബ്ര, ചീഫ് മാനേജര്‍ (മാര്‍ക്കറ്റിംഗ്) മുരളീകൃഷ്ണന്‍ യംഗ് ഇന്ത്യന്‍സ് ഭാരവാഹികളായ ആഷിക ജെയിന്‍, ദീപു സേവ്യര്‍, മാത്യു കുരുവിള എന്നിവര്‍ പങ്കെടുത്തു.

