ടെലികോം വിപ്ലവം; പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ; ഇനി എ ഐ ടോക്കണുകള്‍ 

ബാഴ്‌സലോണ/കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദര്‍ശനമായ ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സുപ്രധാന പ്രഖ്യാപനം നടത്തി ജിയോ പ്ലാറ്റ്‌ഫോംസ് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മന്‍. കണക്റ്റിവിറ്റി എന്നതിനപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃതമായ ഒരു ഭാവിയിലേക്കുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ ചുവടുമാറ്റമാണ് സിഇഒ വ്യക്തമാക്കിയത്. ഈ മാറ്റം സാങ്കേതികമായ ഒരു അപ്‌ഗ്രേഡ് മാത്രമല്ല മറിച്ച് ടെലികോം കമ്പനികള്‍ എങ്ങനെ വരുമാനം കണ്ടെത്തുന്നു എന്നതിലും ഉപഭോക്താക്കള്‍ക്ക് എങ്ങനെ മൂല്യം നല്‍കുന്നു എന്നതിലും വരുന്ന കാതലായ മാറ്റമാണ്. ടെലികോം വ്യവസായം മൂന്നാമത്തെ വലിയ പരിണാമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വോയ്‌സ് കോളുകളില്‍ നിന്ന് ഡാറ്റയിലേക്കും, ഇപ്പോള്‍ എഐ പ്രോസസ്സിംഗിന്റെ അടിസ്ഥാന യൂണിറ്റായ ‘ടോക്കണുകളിലേക്കും’ ഈ വിപണി മാറുന്നു. എഐ മാതൃകകള്‍ വിവരങ്ങള്‍ വിശകലനം ചെയ്യാനും ഭാഷ കൈകാര്യം ചെയ്യാനും ഉപയോഗിക്കുന്ന അടിസ്ഥാന യൂണിറ്റുകളെയാണ് ‘ടോക്കണുകള്‍’ എന്ന് വിശേഷിപ്പിക്കുന്നത്. ടെലികോം സേവനങ്ങളുടെ ആദ്യഘട്ടം. സംസാരത്തിന്റെ ദൈര്‍ഘ്യം വരുമാന മാര്‍ഗ്ഗമായിരുന്ന കാലമായിരുന്നു. രണ്ടാം ഘട്ടം ഡാറ്റ ബൈറ്റുകളുടേതായിരുന്നു. മൂന്നാം ഘട്ടമാണ് എഐ ടോക്കണുകള്‍. ഇവിടെ എഐ പ്രോസസ്സിംഗിനും കമ്പ്യൂട്ടിംഗിനും ആവശ്യമായ ടോക്കണുകള്‍ സേവനങ്ങളുടെ പുതിയ അളവുകോലാകുന്നു. കണക്റ്റിവിറ്റി എന്ന പ്രാഥമിക ലക്ഷ്യത്തിനപ്പുറം, നെറ്റ്‌വര്‍ക്കിനുള്ളില്‍ തന്നെ അതിവേഗത്തിലുള്ള എഐ പ്രോസസ്സിംഗ് സാധ്യമാക്കുക എന്നതാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്അദ്ദേഹം പറഞ്ഞു. പ്രൈസിംഗ് ഡിസ്‌റപ്ഷന്‍’ ആണ് എഐ മേഖലയിലും ജിയോ വിഭാവനം ചെയ്യുന്നത്. എഐ പ്രോസസ്സിംഗ് എന്നത് വലിയ തോതില്‍ വൈദ്യുതിയും കമ്പ്യൂട്ടിംഗ് ശേഷിയും ആവശ്യമായ ഒന്നാണ്. അതിനാല്‍, ‘ഡോളര്‍ പെര്‍ ടോക്കണ്‍ പെര്‍ വാട്ട്’ എന്ന പുതിയ മാനദണ്ഡത്തില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് ലഭ്യമാക്കുക എന്നതാണ് ജിയോയുടെ തന്ത്രം. നെറ്റ്‌വര്‍ക്കുകള്‍ കേവലം ഇന്റര്‍നെറ്റ് നല്‍കുന്ന പ്ലാറ്റ്‌ഫോമുകള്‍ അല്ലാതെ, ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള ഉപകരണങ്ങളുടെ അടിസ്ഥാന പാളിയായി മാറുകയാണ്. ലോകത്തിന്റെ എഐ ‘ബാക്ക് ഓഫീസ്’ ആയി ഇന്ത്യയെ മാറ്റാന്‍ ഈ നീക്കം സഹായിക്കും. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡിജിറ്റല്‍ ജീവിതത്തെ കൂടുതല്‍ ലളിതവും കാര്യക്ഷമവുമാക്കുന്ന ഈ മാറ്റം, ആഗോള ടെലികോം വിപണിയില്‍ ഇന്ത്യയുടെ മേധാവിത്വം ഒരിക്കല്‍ കൂടി ഉറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു