കൊച്ചി : വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളുടെ മാത്രമല്ല, ഈ നാടിന്റെയാകെ സ്വപ്‌നവും പ്രതീക്ഷയുമാണെന്നും ഉയര്‍ന്ന നിലകളില്‍ എത്തിച്ചേര്‍ന്ന് നാടിന്റെ പുരോഗതിക്കായി സംഭാവന നല്‍കാന്‍ അവര്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. ആലുവ മഹാത്മാഗാന്ധി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമവും എം.എല്‍.എ മെറിറ്റ് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവുകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് വെല്ലുവിളികളെ ഏറ്റെടുത്ത് വിദ്യാര്‍ത്ഥികള്‍ മികച്ചവരായി മാറണം. ആഗോളതലത്തില്‍ തൊഴില്‍ മേഖലകളില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ നേരിടാന്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. പുതിയ അക്കാദമിക് പ്രോഗ്രാമുകളും ആധുനിക പഠന സംവിധാനങ്ങളും സംസ്ഥാനത്ത് കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി ലോകത്തെ പ്രമുഖ സര്‍വ്വകലാശാലകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സാങ്കേതികവിദ്യയുടെ വികാസം ഭരണരംഗത്തും വലിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ഡാറ്റാ അധിഷ്ഠിത ഭരണസംവിധാനമാണ് (Data-driven Governance) സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ഡാഷ്‌ബോര്‍ഡ് ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. നൂറു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന 550ഓളം പദ്ധതികളുടെ പുരോഗതി ഇതിലൂടെ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും സുതാര്യമായി വിലയിരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ കൈവരിക്കുന്ന മുന്നേറ്റം പ്രശംസനീയമാണ്. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലുവ മണ്ഡലത്തിലെ വികസന കാര്യങ്ങളിലും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളിലും സജീവമായി ഇടപെടുന്ന അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി വേദിയില്‍ പ്രത്യേകം അഭിനന്ദിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലന സംവിധാനം ആലുവയില്‍ ഒരുക്കുന്ന കാര്യത്തില്‍ അനുകൂലമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് നല്‍കിയ സൗജന്യം അവരോടുള്ള ആദരവാണെന്നും അതുവഴി സാമൂഹിക സാമ്പത്തിക പുരോഗമനമാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നീന്തല്‍ പരിശീലകന്‍ സജി വളാശ്ശേരിയെ മുഖ്യമന്ത്രി ആദരിച്ചു.
പരിപാടിയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷനായി. എം.പിമാരായ ബെന്നി ബഹനാന്‍, ജെബി മേത്തര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ആലുവ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. ടോം എം. ജോസഫ്, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ സി.എം ശശിധരന്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

