കൊച്ചി: ഇന്ത്യയിൽ പുതിയ സബ്-4 മീറ്റർ കോംപാക്ട് എസ്‌യുവി അവതരിപ്പിക്കുമെന്ന് ഫോക്സ്‌വാഗൺ അറിയിച്ചു. 2027ൽ വിപണിയിലെത്തുന്ന വാഹനം ഇന്ത്യയിലെ ഫോക്സ്‌വാഗന്റെ ഏറ്റവും ജനപ്രിയമായ എസ്‌യുവി മോഡലായി മാറുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ വിപണിക്കായി പ്രത്യേകം വികസിപ്പിച്ച എംക്യുബി-എ0-ഐഎൻ പ്ലാറ്റ്‌ഫോമിലാകും വാഹനം നിർമിക്കുക. ഉയർന്ന പ്രാദേശികവൽക്കരണത്തോടെ ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന പുതിയ എസ്‌യുവി സുരക്ഷ, നിർമാണ നിലവാരം, മികച്ച ഡ്രൈവിങ് അനുഭവം എന്നിവയ്ക്ക് പ്രാധാന്യം നൽകും. രാജ്യത്തെ ഏറ്റവും വലിയ യാത്രാ വാഹന വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കുകയാണ് പുതിയ മോഡലിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെയും യൂറോപ്പിലെയും എൻജിനീയറിങ് ടീമുകൾ സംയുക്തമായി വികസിപ്പിച്ച പ്ലാറ്റ്‌ഫോം കുറഞ്ഞ ഉടമസ്ഥാവകാശ ചെലവും കാര്യക്ഷമമായ ഉൽപ്പാദനവും ഉറപ്പാക്കും. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചാകും എസ്‌യുവി രൂപകൽപ്പന ചെയ്യുകയെന്ന് വോള്‍ക്‌സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ബ്രാന്‍ഡ് സിഇഒ യും വോള്‍ക്‌സ്വാഗണ്‍ മാനേജ്‌മെന്റ് ബോര്‍ഡ്അംഗവുമായ തോമസ് ഷാഫര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

