വി.പി.എസ് ലേക്ഷോര്‍: ഇന്റഗ്രേറ്റഡ് മെറ്റബോളിക് സെന്റര്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ജീവിതശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്‌ഷോർ ഇന്റഗ്രേറ്റഡ് മെറ്റബോളിക് സെന്ററിന് സാധിക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ തുടങ്ങിയ മെറ്റബോളിക് രോഗങ്ങളുടെ വർധിച്ചുവരുന്ന വെല്ലുവിളികൾ നേരിടുന്നതിന് ഏഴ് സ്പെഷ്യലൈസ്ഡ് വിഭാഗങ്ങളെ സമന്വയിപ്പിച്ച് വി.പി.എസ് ലേക്‌ഷോർ ആശുപത്രി ആരംഭിച്ച ഇന്റഗ്രേറ്റഡ് മെറ്റബോളിക് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംക്രമികേതര രോഗങ്ങളുടെ വലിയ വെല്ലുവിളിയാണ് നാട് നേരിടുന്നതെന്നും സർക്കാർ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകുന്ന നയമാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ ചികിത്സാരംഗത്ത് നൂതന സൗകര്യങ്ങൾ അനിവാര്യമാണെന്നും, സ്വകാര്യ മേഖലയിലെ ഇത്തരം സംരംഭങ്ങൾ സംസ്ഥാനത്തെ ആരോഗ്യരംഗത്തിന് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരും സമാനമായ ആരോഗ്യപദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ചലച്ചിത്ര താരം നിഖില വിമൽ, ജീവിതശൈലി രോഗങ്ങൾക്ക് വിവിധ സ്പെഷ്യലൈസേഷനുകളുടെ ചികിത്സ ഒരുകുടക്കീഴിൽ ലഭിക്കുന്നത് മികച്ച തുടക്കമാണെന്ന് അഭിപ്രായപ്പെട്ടു. വ്യത്യസ്ത വിഭാഗങ്ങളിലെ ഡോക്ടർമാരെ മാറിമാറി കാണുന്നതിന് പകരം സമഗ്ര ചികിത്സ ഒരിടത്ത് ലഭിക്കുന്നത് രോഗികൾക്ക് ഏറെ സൗകര്യപ്രദമാണെന്നും, ഇളവുകളോടെ ചികിത്സ ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് സഹായകമാകുമെന്നും അവർ വ്യക്തമാക്കി. വി.പി.എസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്. കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച ചികിത്സ ഒരുകുടക്കീഴിൽ ലഭ്യമാക്കുകയെന്ന ആശയമാണ് സെന്ററിന് പിന്നിലെന്നും നൂതന ചികിത്സയിലൂടെ രോഗികൾക്ക് കൈതാങ്ങാകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മെറ്റബോളിക് ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തി സംയോജിത ചികിത്സയിലൂടെ സങ്കീർണതകൾ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. റോയ് ജെ. മുക്കട പദ്ധതി വിശദീകരിച്ചു. തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയ് മുഖ്യാതിഥിയായിരുന്നു. മെഡിക്കൽ സർവീസസ് ചീഫ് ഡോ. മറിയ വർഗീസ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. എബി എബ്രഹാം, എൻഡോക്രൈനോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിവേക് മാത്യു, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സ്മിത ജോയ്, കാർഡിയോളജി വിഭാഗം മേധാവി ഡോ. സിബി ഐസക്, ചീഫ് ഡയറ്റീഷ്യൻ ഡോ. മഞ്ജു പി. ജോർജ്, ഫിസിയോതെറാപ്പി വിഭാഗം മാനേജർ പി. വി. മനു എന്നിവർ പങ്കെടുത്തു. ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ സ്വാഗതവും സി.ഇ.ഒ ജയേഷ് വി. നായർ നന്ദിയും പറഞ്ഞു.

എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎന്ററോളജി, കാർഡിയോളജി, നെഫ്രോളജി, ന്യൂട്രീഷൻ, ഫിസിയോതെറാപ്പി, ഗൈനക്കോളജി എന്നീ ഏഴ് വിഭാഗങ്ങളെയാണ് ഏകോപിത ചികിത്സയ്ക്കായി സമന്വയിപ്പിച്ചിരിക്കുന്നത്. “ഒരു പരിശോധന, ഒരു രോഗസാധ്യത വിലയിരുത്തൽ, ഒരു ഏകോപിത ചികിത്സാ പദ്ധതി” എന്ന സമീപനത്തിലൂടെ പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ, ഹൃദയ-വൃക്ക രോഗങ്ങൾ, രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പേശീക്ഷയം, പോഷകാഹാരക്കുറവ് എന്നിവ കണ്ടെത്താൻ രക്ത-യൂറിൻ പരിശോധനകൾ ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് മെറ്റബോളിക് പരിശോധന നടത്തുകയും ഫലങ്ങൾക്കനുസരിച്ച് ആവശ്യമായ വിദഗ്ധ ഡോക്ടർമാരുടെ അടുത്തേക്ക് മാത്രം റഫർ ചെയ്യുകയും ചെയ്യുന്നു. ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്സുമായി ബന്ധിപ്പിച്ച മെറ്റബോളിക് ഡാഷ്‌ബോർഡിൽ പരിശോധനാ ഫലങ്ങൾ കളർ കോഡിംഗിലൂടെ (സാധാരണ നിലയ്ക്ക് പച്ച, അപകടസാധ്യതയ്ക്ക് മഞ്ഞ, ഉയർന്ന അപകടസാധ്യതയ്ക്ക് ഓറഞ്ച്, രോഗം സ്ഥിരീകരിച്ചാൽ ചുവപ്പ്) പ്രദർശിപ്പിച്ച് ശരീരഭാരം, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, കരൾ ആരോഗ്യ സൂചകങ്ങൾ എന്നിവ കാലക്രമേണ നിരീക്ഷിക്കുന്നു. ബയോപ്സി കൂടാതെ കരളിന്റെ കാഠിന്യവും കൊഴുപ്പിന്റെ അളവും പരിശോധിക്കാൻ ഫൈബ്രോസ്കാൻ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് വിവിധ വിഭാഗങ്ങളിൽ മുൻഗണനാ സേവനവും ഫോളോഅപ്പ് കോഓർഡിനേറ്ററുടെ നേതൃത്വത്തിൽ തുടർപരിശോധനകളും ലഭിക്കും. ഐ.സി.എം.ആർ–ഐ.എൻ.ഡി.ഐ.എ.ബി (ICMR-INDIAB) പഠനപ്രകാരം കേരളത്തിലെ പ്രായപൂർത്തിയായവരിൽ 25.5 ശതമാനം പേർക്ക് പ്രമേഹവും 18.3 ശതമാനം പേർക്ക് പ്രീ-ഡയബറ്റിസും ഉള്ള സാഹചര്യത്തിലാണ് കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമെന്ന് വി.പി.എസ് ലേക്‌ഷോർ വ്യക്തമാക്കുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക