മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ജാഗൃതി യാത്രയ്ക്ക് കൊച്ചിയില്‍ സ്വീകരണം നല്‍കി

കൊച്ചി  : മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ജാഗൃതി യാത്ര 2026-ന്റെ 19-ാം പതിപ്പിന് കളമശ്ശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ സ്വീകരണം നല്‍കി. രാജ്യത്തെ 220-ലധികം ജില്ലകളെ പ്രതിനിധീകരിച്ച് 525 പേരാണ് ഇത്തവണത്തെ ജാഗൃതി യാത്രയില്‍ പങ്കെടുക്കുന്നത്. സംരംഭകത്വ ആശയങ്ങള്‍ സ്വായത്തമാക്കാനും, നേരില്‍ കണ്ട് മനസിലാക്കാനുമായി പ്രത്യേക ട്രെയിനില്‍ വിവിധ സംസ്ഥാനങ്ങളിലൂടെ എണ്ണായിരത്തോളം കിലോമീറ്ററാണ് ഇവര്‍ സഞ്ചരിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളിലേതിലും വ്യത്യസ്ഥമായി ഇക്കുറി യുവതികളുടെ പങ്കാളം കൂടുതലാണ്. മാലിന്യ സംസ്‌കരണത്തിലും പുനരുപയോഗത്തിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രീന്‍ വേംസിന്റെ കേന്ദ്രം സന്ദര്‍ശിച്ചുകൊണ്ടാണ് കൊച്ചിയിലെ പരിപാടികള്‍ക്ക് തുടക്കമായത്. മാലിന്യ സംസ്‌കരണം, ചാക്രിക സമ്പദ്വ്യവസ്ഥ, പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിലൂടെ ഉപജീവനമാര്‍ഗങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ യാത്രികര്‍ നേരിട്ട് മനസ്സിലാക്കി.

വികസിത ഭാരതം സ്വപ്‌നം കാണുന്ന രാജ്യത്തിന് തൊഴില്‍ അന്വോഷകരെക്കാള്‍ തൊഴില്‍ ദാതാക്കളെയാണ് കൂടുതല്‍ ആവശ്യമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷനം നടത്തിയ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷാജി വര്‍ഗീസ് പറഞ്ഞു. കേരളത്തില്‍ വേരുകളുള്ള ഒരു സ്ഥാപനമെന്ന നിലയില്‍, വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സംരംഭക ചിന്തയും സാമ്പത്തിക അവബോധവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനാലാണ് സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹികവുമായ പ്രായോഗിക വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന സംരംഭങ്ങളില്‍ നിന്ന് പഠിക്കാന്‍ യുവാക്കള്‍ക്ക് അവസരം ലഭ്യമാക്കുന്ന ജാഗൃതി യാത്ര തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പാരിസ്ഥിതിക വെല്ലുവിളിയെ എങ്ങനെ സംരംഭകത്വത്തിനും ഉപജീവനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള അവസരമാക്കി മാറ്റാമെന്ന് ഗ്രീന്‍ വേംസ് കാണിച്ചുതരുന്നുവെന്ന് ജാഗൃതി സി.ഇ.ഒ. ആശുതോഷ് കുമാര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. അനൂപ് പി.അംബിക, ജാഗൃതി വൈസ് ചെയര്‍മാന്‍ അശ്വന്‍ നായിക് തുടങ്ങിയവരും പ്രസംഗിച്ചു. കൊച്ചിയിലെ സന്ദര്‍ശനത്തിന് ശേഷം സംഘം മധുരയിലേയ്ക്ക് യാത്ര തിരിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക