കൊച്ചി: പ്രതിരോധ, വ്യോമയാന രംഗത്തെ പ്രമുഖ കമ്പനിയായ സിഗ്മ അഡ്വാന്‍സ് സിസ്റ്റംസ് യു.കെ റോള്‍സ് റോയ്സ് എയ്റോസ്പേസുമായി 125 മില്യണ്‍ പൗണ്ടിന്റെ ദീര്‍ഘകാല കരാറില്‍ ഒപ്പിട്ട് പങ്കാളിത്തം ശക്തിപ്പെടുത്തുന്നു.
കരാര്‍ പ്രകാരം, സിഗ്മയുടെ ഇന്ത്യയിലെയും യു.കെയിലെയും നിര്‍മ്മാണ കേന്ദ്രങ്ങളില്‍ വെച്ച് ബ്രോംഫോര്ഡ് എയ്റോ എഞ്ചിന് റിംഗുകള്‍, കേസിംഗുകള്‍, ലോക്ക് പ്ലേറ്റുകള്‍ മറ്റ് പ്രധാന എഞ്ചിന് ഭാഗങ്ങള്‍ എന്നിവ നിര്‍മ്മിക്കും. റോള്‍സ് റോയ്സിന്റെ നിര്‍ദ്ദേശാനുസരണം കൂടുതല്‍ സമഗ്രമായ ഒരു ഡ്യുവല്‍-സോഴ്സ് സംവിധാനം ഒരുക്കാനും ഇതിലൂടെ സാധിക്കും.
ലെസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.കെ ഉപസ്ഥാപനമായ ബ്രാംഫോര്ഡ് പ്രിസിഷന്‍ സെല്യൂഷന്‍ വഴിയാണ് പങ്കാളിത്തം സാധ്യമായത്. പ്രധാന എയ്റോസ്പേസ് പ്രോഗ്രാമുകളിലുടനീളം ഗ്രൂപ്പിന്റെ ഉല്പന്നനിരയും നിര്‍മ്മാണ ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ പുതിയ പങ്കാളിത്തം സഹായിക്കും. കൂടാതെ റോള്‍സ് റോയ്സിന്റെ യു.കെ സപ്ലൈ ചെയിനില്‍ സിഗ്മയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ദീര്‍ഘകാല വരുമാന ലഭ്യത ഉറപ്പാക്കുകയും ചെയ്യും.
ബ്രോംഫോര്ഡ് ഏറ്റെടുക്കലിലൂടെ എയ്റോ എഞ്ചിന് റിംഗുകള്‍, കേസിംഗുകള്‍ എന്നിവയുടെ ഉല്‍പ്പാദനത്തിലും അതിനൂതനവും കൃത്യതയാര്‍ന്ന നിര്‍മ്മാണത്തിലും സവിശേഷമായ സാങ്കേതികശേഷി സിഗ്മയ്ക്ക് കൈവരും. ഇത് സങ്കീര്‍ണമായ എഞ്ചിന് ഭാഗങ്ങളുടെ വിപുലമായ നിര വിതരണം ചെയ്യാന്‍ സിഗ്മയെ പ്രാപ്തമാക്കുന്നു. എയ്റോസ്പേസ് മേഖലയില്‍ ഉയര്‍ന്ന മൂല്യമുള്ള വന്‍കിട പങ്കാളിത്തങ്ങളിലേക്ക് അതിവേഗം വളരാന്‍ ഇത് ഗ്രൂപ്പിന് കരുത്താകും.

