2.5 കോടി രൂപ സമ്മാനത്തുക
കൊച്ചി : ആഗോള നഴ്സിംഗ് രംഗത്തെ ഏറ്റവും ആദരണീയമായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് 2026-ന് യുകെയിൽ സേവനമനുഷ്ഠിക്കുന്ന കോട്ടയം സ്വദേശിനി അജിമോൾ പ്രദീപ് അർഹയായി. 214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിലധികം രജിസ്ട്രേഷനുകളിൽ നിന്നാണ് ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ സീനിയർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററും സൽഫോർഡ് യൂണിവേഴ്സിറ്റിയിലെ ഓണററി സീനിയർ ലക്ചററുമായ അജിമോൾ പ്രദീപിനെ വിജയിയായി തെരഞ്ഞെടുത്തത്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള മുഖ്യ മന്ത്രി വി. ഡി. സതീശനിൽ നിന്ന് ഇവർ 2,50,000 യു.എസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) സമ്മാനത്തുകയും പുരസ്കാരവും ഏറ്റുവാങ്ങി. അവയവ-സ്റ്റെം സെൽ ദാനത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും അന്താരാഷ്ട്ര നഴ്സുമാരുടെ തൊഴിൽപരമായ പുനരധിവാസത്തിനും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം. സമ്മാനത്തുകയുടെ പകുതി തുക ‘ഉപഹാർ’ പ്രസ്ഥാനം വഴിയുള്ള ആഗോള അവയവദാന ബോധവൽക്കരണത്തിനും നഴ്സിംഗ് വിദ്യാഭ്യാസത്തിനുമായി വിനിയോഗിക്കുമെന്ന് അജിമോൾ പ്രദീപ് അറിയിച്ചു.

