കൊച്ചി: 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയ ലഭ്യമാക്കുന്ന ‘ഹൃദയ ചിറ്റാമൃതം’ പദ്ധതിക്കായി അമൃത ആശുപത്രിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ധാരണാപത്രം കൈമാറി. പദ്ധതിക്കായി 10 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ വകയിരുത്തിയിരിക്കുന്നത്. കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിൽ നടന്ന ചടങ്ങിൽ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, അമൃത ആശുപത്രി ചീഫ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പി. പ്രതാപൻ നായർ എന്നിവർ ധാരണാപത്രം കൈമാറി.
നിർദ്ധനരായ നിരവധി കുട്ടികൾക്ക് ജീവൻരക്ഷാ ചികിത്സ ഉറപ്പാക്കാൻ ഈ പദ്ധതി ഉപകരിക്കുമെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ബ്രിജേഷ്. പി.കെ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തന രീതിയും വിശദീകരിച്ചു. പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാർ, ഡോ. ബാലു വൈദ്യനാഥൻ, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സോഷ്യൽ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ എസ്.എം. വിനോദ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ബി. ജയരാജ്, അമൃത ആശുപത്രി സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ ഡോ. വിഷ്ണു കെ. സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

