കൊച്ചി :ഓപ്പറേഷൻ ദൃഷ്ടിയുടെ ഭാഗമായി ജമ്മു കശ്മീരിലെ എൽ.ഒ.സിക്ക് സമീപമുള്ള ഷെല്ലിംഗ് സാധ്യതയുള്ള തങ്ധാർ ഏരിയയിലെ അണ്ടർഗ്രൗണ്ട് ഓപ്പറേഷൻ തിയേറ്ററിൽ നടന്ന രണ്ട് ദിവസത്തെ മെഗാ ഐ സർജിക്കൽ ക്യാമ്പിൽ സായുധ സേനാ മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്) സർജന്മാർ 220 കാഴ്ച പുനഃസ്ഥാപിക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. സെപ്റ്റംബർ 24, 25 തീയതികളിൽ ആർമി ഹോസ്പിറ്റൽ (ആർ & ആർ) ഒഫ്താൽമോളജി വിഭാഗം മേധാവി ബ്രിഗേഡിയർ സഞ്ജയ് കുമാർ മിശ്രയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ദുർഘടമായ പർവതനിരകളിലൂടെ ആധുനിക മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചാണ് തിമിരം, റെറ്റിന സർജറി, ഗ്ലോക്കോമ ശസ്ത്രക്രിയകൾ എന്നിവ നടത്തിയത്. കരസേനാ മേധാവി ജനറൽ ധീരജ് സേഥും ഡി.ജി എ.എഫ്.എം.എസ് എയർ മാർഷൽ സന്ദീപ് തറേജയും ക്യാമ്പ് സന്ദർശിച്ച് രോഗികളുമായി സംവദിക്കുകയും ഡോക്ടർമാരുടെ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു. പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് വിഭാവനം ചെയ്ത ഈ പദ്ധതിയിലൂടെ ഇതുവരെ 1.50 ലക്ഷത്തിലധികം രോഗികളെ പരിശോധിക്കുകയും 3,500-ലധികം ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായ 11-ാമത് ക്യാമ്പ് സെപ്റ്റംബർ 27 മുതൽ 29 വരെ ശ്രീനഗറിൽ നടക്കും, ഇതിന്റെ സമാപന സമ്മേളനം സെപ്റ്റംബർ 30-ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ ഉദ്ഘാടനം ചെയ്യും.

