വി-ഗാര്‍ഡ് ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായി മിഥുന്‍ കെ. ചിറ്റിലപ്പിള്ളി നിയമിതനായി

കൊച്ചി : വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായി മിഥുന്‍ കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. 2012 മുതല്‍ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മിഥുന്‍. നിലവിലെ ചെയര്‍പേഴ്സണും സ്വതന്ത്ര ഡയറക്ടറുമായ രാധ ഉണ്ണിയുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് മിഥുന്‍ കെ ചിറ്റിലപ്പിള്ളിയെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍പേഴ്‌സണ്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി തിരഞ്ഞെടുത്തത്.
2006ല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായാണ് മിഥുന്‍ വി-ഗാര്‍ഡിലെത്തുന്നത്. അദ്ദേഹം കമ്പനിയിലെത്തുമ്പോള്‍ ഏകദേശം 229 കോടി രൂപയായിരുന്ന വിറ്റുവരവ് 2026 സാമ്പത്തിക വര്‍ഷത്തില്‍ 24 മടങ്ങ് വര്‍ധിച്ച്  5,966 കോടി രൂപയായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ദക്ഷിണേന്ത്യന്‍ ഇലക്ട്രിക്കല്‍ ബ്രാന്‍ഡില്‍നിന്ന് രാജ്യവ്യാപകമായി സാന്നിധ്യമുള്ള മികച്ച കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനിയായി വി-ഗാര്‍ഡിനെ വളര്‍ത്തുന്നതില്‍ മിഥുന്‍ നിര്‍ണായക പങ്കുവഹിച്ചു.
വി-ഗാര്‍ഡിന്റെ നിര്‍ണായക ഘട്ടത്തില്‍ ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറുമായുള്ള ചുമതല ഏറ്റെടുക്കുന്നത് അഭിമാനകരമാണെന്ന് മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. പ്രാദേശിക ബ്രാന്‍ഡില്‍നിന്ന് രാജ്യവ്യാപകമായി വളരുന്ന സ്ഥാപനമായി വി-ഗാര്‍ഡിനെ മാറ്റിയ യാത്രയില്‍ ടീമിനൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞു. കമ്പനിയുടെ 50ആം വാര്‍ഷികത്തിലേക്ക് നീങ്ങുമ്പോള്‍ ശക്തമായ അടിത്തറയില്‍നിന്ന് അടുത്ത വളര്‍ച്ചാ ഘട്ടത്തിനായി സ്ഥാപനത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു