കൊച്ചി : ഫ്ലീറ്റ്, വാണിജ്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കായി ‘ഇന്നോവ ക്രിസ്റ്റ ലിമോ’ എഡിഷൻ ടൊയോട്ട കിർലോസ്കർ മോട്ടോർ വിപണിയിൽ അവതരിപ്പിച്ചു. ഏഴ്, എട്ട് സീറ്റുകളിലായി ടാക്സി സർവീസുകൾക്കും ഫ്ളീറ്റ് ഓപ്പറേറ്റർമാർക്കുമായി എത്തിച്ചിരിക്കുന്ന ലിമോ പതിപ്പിന് യഥാക്രമം 19.95 ലക്ഷം രൂപയും 19.99 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.
റെഗുലർ ഇന്നോവ ക്രിസ്റ്റയിലുള്ള 2.4 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എൻജിനാണ് ലിമോ എഡിഷനിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ എൻജിൻ 150 PS കരുത്തും 343 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ എത്തുന്ന ഈ മോഡലിന് ലിറ്ററിന് 15 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററാണ് വാഹനത്തിന്റെ അടിസ്ഥാന വാറണ്ടി. ഉപയോക്താക്കൾക്ക് 5 വർഷം അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വരെയുള്ള എക്സ്റ്റെൻഡഡ് വാറണ്ടി പ്ലാനും തിരഞ്ഞെടുക്കാവുന്നതാണ്.

