‘ഐ.എൻ.എസ് മാംഗ്രോൾ’ കമ്മീഷൻ ചെയ്തു

കൊച്ചി :  രാജ്യത്തിന്റെ തീരദേശ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പുതിയ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പലായ ‘ഐ.എൻ.എസ് മാംഗ്രോൾ’ (INS Mangrol – P82) മുംബൈ നേവൽ ഡോക്ക്‌യാർഡിൽ കമ്മീഷൻ ചെയ്തു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) നിർമ്മിച്ച മാഹി ക്ലാസ് (Mahe-class) വിഭാഗത്തിലെ മൂന്നാമത്തെ എ.എസ്.ഡബ്ല്യു-എസ്.ഡബ്ല്യു.സി (ASW-SWC) കപ്പലാണിത്. വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് വത്സ്യായൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രതിരോധ മന്ത്രാലയം, കൊച്ചിൻ ഷിപ്പ്‌യാർഡ്, സായുധ സേന എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

80 ശതമാനത്തിലേറെ തദ്ദേശീയ സാങ്കേതികവിദ്യയും ഘടകങ്ങളും ഉപയോഗിച്ച് പൂർണ്ണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച കപ്പൽ, കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’, ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതികളുടെ മികച്ച മാതൃകയാണ്. ആഴം കുറഞ്ഞ തീരദേശ കടൽമേഖലകളിൽ അതിവേഗം സഞ്ചരിക്കാൻ ശേഷിയുള്ള ജലജെറ്റ് പ്രൊപ്പൽഷൻ (Waterjet Propulsion) സംവിധാനവും ആധുനിക സൊണാർ, ആയുധ സജ്ജീകരണങ്ങളുമാണ് ഐ.എൻ.എസ് മാംഗ്രോളിൽ ഉള്ളത്. ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികളെ കണ്ടെത്താനും മൈൻ വാർഫെയർ ദൗത്യങ്ങൾ നിർവ്വഹിക്കാനും ഇതിന് സാധിക്കും. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെയും ഇന്ത്യൻ നാവികസേനയുടെയും ഈ സംയുക്ത നേട്ടം രാജ്യത്തിന്റെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് വൈസ് അഡ്മിറൽ സഞ്ജയ് വത്സ്യായൻ വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു