കൊല്ലം ; ഹൃദയശസ്ത്രക്രിയക്ക് ശേഷം ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരികെ എത്തിയ രോഗികളുടെ കൂട്ടായ്മയായ ‘ഹൃദയസംഗമം 2026’ സംഘടിപ്പിച്ച് ആസ്റ്റർ പിഎംഎഫ് കൊല്ലം. കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി (സിടിവിഎസ്) വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് (സിഎബിജി), വാൽവ് മാറ്റിവെക്കൽ സർജറി എന്നിവ വിജയകരമായി പൂർത്തിയാക്കിയ അറുപതോളം രോഗികളും അവരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർജറി കഴിഞ്ഞവരും അവരുടെ ബന്ധുക്കളുമാണ് സംഗമത്തിൽ എത്തിച്ചേർന്നത്. കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജൻ (സിടിവിഎസ്) കൺസൾട്ടന്റ് ഡോ. ആകാശ് എസ്., കാർഡിയാക് അനസ്തീസിയ കൺസൾട്ടന്റ് ഡോ. കൃഷ്ണനുണ്ണി, ആസ്റ്റർ പിഎംഎഫ് കൊല്ലം സിഒഒ വിജിഷ് വി.കെ., മറ്റ് ഡിപ്പാർട്മെന്റ് മേധാവികൾ, നേഴ്സിംഗ്, ആശുപ്രതി സ്റ്റാഫുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആശുപത്രി ജീവനക്കാരുടെയും നേഴ്സിംഗ് സ്റ്റാഫുകളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറി.

