‘തുഷാർ’ മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാം എഡിഷൻ നവംബർ 27, 28 തീയതികളിൽ കൊച്ചിയിൽ

കൊച്ചി : കേരളത്തിലെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രൊഫഷണൽ സംഘടനയായ കേരളൈറ്റ്സ് ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യം (KTTC) സംഘടിപ്പിക്കുന്ന തുഷാർ മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാം എഡിഷൻ 2026 നവംബർ 27, 28 തീയതികളിൽ കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും 250-ലധികം ടൂർ കമ്പനികൾ, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികൾ (DMC), പ്രമുഖ ഹോട്ടലുകൾ, റിസോർട്ടുകൾ, വിമാനക്കമ്പനികൾ, വിസാ വിദഗ്ധർ, ഓൺലൈൻ ട്രാവൽ പോർട്ടലുകൾ എന്നിവയുടെ സ്റ്റാളുകൾ മേളയിൽ സജ്ജീകരിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസം ബി2ബി മീറ്റുകളിലൊന്നായി മാറിയ പരിപാടിയിൽ ഇത്തവണ ഏകദേശം 7,000 രജിസ്റ്റർ ചെയ്ത ട്രാവൽ ഏജന്റുമാരെയും ടൂർ ഓപ്പറേറ്റർമാരെയും പ്രതീക്ഷിക്കുന്നു.

ഇടനിലക്കാരുടെ ചൂഷണമില്ലാതെ കമ്പനികളുമായി നേരിട്ട് ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനും നൂതന ആശയങ്ങൾ പങ്കുവെക്കാനും ലക്ഷ്യമിടുന്ന മേളയോടനുബന്ധിച്ച് ടൂറിസം രംഗത്തെ പ്രമുഖർ നയിക്കുന്ന ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും. നവംബർ 27-ന് രാവിലെ 10 മണിക്ക് കേരള ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് ബി2ബി മീറ്റ് ഉദ്ഘാടനം ചെയ്യും; ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സുവനീർ പ്രകാശനം നിർവ്വഹിക്കും. നവംബർ 28-ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ലോകസഞ്ചാരിയും പ്രമുഖ പ്രഭാഷകനുമായ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. ടൂറിസം കോൺക്ലേവിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ സുജിത് ഭക്തൻ, ഹാരിസ് അമീറലി എന്നിവർ ചർച്ചകൾ നയിക്കും.

മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്; വേദിയിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ടായിരിക്കും. കെ.ടി.ടി.സി പ്രസിഡന്റ് മനോജ് എം. വിജയൻ, ജനറൽ സെക്രട്ടറി സ്നോജ് മച്ചിങ്ങൽ, ട്രഷറർ ഡെന്നി ജോസ്, തുഷാർ കമ്മിറ്റി ചെയർമാൻ ഓസ്റ്റിൻ ബെന്നാൻ, വൈസ് പ്രസിഡന്റുമാരായ ഷാജി കല്ലായി, ഷിജോ ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 7994292337.

Spread the love

മറുപടി രേഖപ്പെടുത്തുക