ദേശീയ ക്ഷീര ദിനാഘോഷം 2026: മിൽമയുടെ മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി

കോട്ടയം : ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ദേശീയ ക്ഷീര ദിനാഘോഷത്തിന്റെ (National Milk Day 2026) സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച കോട്ടയം കെ. സി. മാമ്മൻ മാപ്പിള ഹാളിൽ നടന്നു. തൊഴിൽ, വനിതാ-ശിശുക്ഷേമ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മിൽമ എറണാകുളം മേഖലാ യൂണിയന്റെ മൂന്ന് പുതിയ ഉൽപ്പന്നങ്ങളായ ചോക്ലേറ്റ് യോഗർട്ട്, സ്ട്രോബെറി യോഗർട്ട്, റെഡ് വെൽവെറ്റ് ഐസ്‌ക്രീം എന്നിവയുടെ ഔദ്യോഗിക പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.

ക്ഷീരമേഖല നേരിടുന്ന വിവിധ വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സമഗ്രമായ പദ്ധതികൾ സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും കാലതാമസമില്ലാതെ അവ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്ഷീരമേഖലയെ ആശ്രയിച്ചു കഴിയുന്നവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയുടെ തുടർവളർച്ചയ്ക്കുമായി മിൽമയും സർക്കാരും മറ്റ് പങ്കാളികളും ഏകോപിതമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു.

ഡോ. വർഗീസ് കുര്യൻ അനുസ്മരണ സമ്മേളനത്തിൽ മിൽമ ചെയർമാൻ കെ. എസ്. മണി, എറണാകുളം മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ചെയർമാൻ സി. എൻ. വത്സലൻ പിള്ള, തിരുവനന്തപുരം മേഖലാ ക്ഷീരോൽപ്പാദക യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, കോട്ടയം നഗരസഭാ ചെയർപേഴ്സൺ എം. പി. സന്തോഷ് കുമാർ, നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഗോപകുമാർ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് ഐ.എ.എസ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് എന്നിവർ ആശംസകൾ നേർന്നു. മിൽമ എറണാകുളം മേഖലാ യൂണിയൻ മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട് നന്ദി പറഞ്ഞു. മിൽമ ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ഷീരസഹകരണ സംഘം പ്രസിഡന്റുമാർ, ക്ഷീരകർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക