നിയമസഭാ തിരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാര്‍ഥികളെക്കൂടി ട്വന്റി20- എന്‍ഡിഎ പ്രഖ്യാപിച്ചു 

കേവലം 25 വയസ് പ്രായമുള്ള ആതിര എന്‍.ഡി.എ സഖ്യത്തിന്റ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.

 

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കൂടി ട്വന്റി20-എന്‍ഡിഎ പ്രഖ്യാപിച്ചു. ഏറ്റൂമാനാര്‍, പത്തനാപുരം, മൂവാറ്റുപുഴ, പുനലൂര്‍, പെരുമ്പാവൂര്‍ എന്നിവടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു.എം. ജേക്കബ് ഇന്നലെ പ്രഖ്യാപിച്ചത്. ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി കഴിഞ്ഞ ദിവസം നിശ്ചയിച്ച വീണാ നായര്‍ക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയുമായ ആതിര ഡി. നായര്‍ മല്‍സരിക്കും. കേവലം 25 വയസ് പ്രായമുള്ള ആതിര എന്‍.ഡി.എ സഖ്യത്തിന്റ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള ആതിര സംരംഭകയും, സോഷ്യല്‍ മീഡിയ ഇന്‍ഫ് ളുവന്‍സറുമാണ്. സാങ്കേതിക കാരണങ്ങളാല്‍ ഏറ്റുമാനൂരില്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റേണ്ടിവന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പുതിയ സ്ഥാനാര്‍ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ സ്വദേശിനിയായ ആതിര രണ്ടര വര്‍ഷം മാന്നാനം കെ.ഇ.സ്‌കൂളില്‍ അദ്ധ്യാപികയുമായിരുന്നു. ബീഹാറിലെ മൈഥലി ഠാക്കൂറിനെപ്പോലെ ബഹുമുഖ പ്രതിഭയാണ് ആതിരയെന്നും സാബു ജേക്കബ് പറഞ്ഞു.
മുന്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും, മാനേജ്മെന്റ് വിദഗ്ദനുമായ അനില്‍ കുമാര്‍. എസ് (അനില്‍ പിള്ള) ആണ് പത്തനാപുരത്ത് എന്‍.ഡി.എയെ പ്രതിനിധീകരിക്കുന്നത്. സഹപ്രവര്‍ത്തകരുടെ ഇടയില്‍ ”ജെന്റില്‍മാന്‍ സോള്‍ജ്യര്‍” എന്ന വിശേഷണമുളള അനില്‍ പിള്ള എം.ബി.എ, എം.എസ്.ഡബ്ല്യു, എല്‍.എല്‍.ബി ബിരുദധാരിയാണ്. നിലവില്‍ നാഷണല്‍ എക്സ്-സര്‍വീസ്മെന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നാഷണല്‍ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. മോട്ടിവേഷന്‍ കോച്ച്, കരിയര്‍ കൗണ്‍സിലര്‍, ആര്‍.ടി.ഐ പ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളിലും അദ്ദേഹം സജീവമാണ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ വന്യജീവി കാര്‍ഷിക നിയമ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കേരളത്തില്‍ ആദ്യമായി കര്‍ഷകരെ സംഘടിപ്പിച്ച് കോതമംഗലത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ച സണ്ണി കടൂത്താഴെയാണ് മുവാറ്റുപുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ഇടുക്കി ചെമ്പകപ്പാറ സ്വദേശിയായ സണ്ണി കഴിഞ്ഞ 22 വര്‍ഷമായി കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന മില്‍വോക്കി അക്കാദമിയുടെ മാനേജിംഗ് ഡയറക്ടറാണ്. ഒപ്പം കേരളത്തിലെ അറിയപ്പെടുന്ന മോട്ടിവേഷന്‍ ട്രെയിനറും, കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രശസ്തനാണ്. തായ്വാനില്‍ 2000-ല്‍ നടന്ന ഏഷ്യന്‍ യുവജന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള സണ്ണി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പുനലൂര്‍ നിയമസഭ മണ്ഡലത്തില്‍ അഡ്വ.ബി.രഘുനാഥന്‍ പിള്ള (അഡ്വ.രഘുനാഥ് കമുകുംചേരി)യാണ് സ്ഥാനാര്‍ത്ഥി. അഭിഭാഷകനും പുനലൂര്‍ എസ്.എന്‍ കോളേജിലെ മുന്‍ അദ്ധ്യാപകനുമാണ് രഘുനാഥ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ചിട്ടള്ള രഘുനാഥിന്റെ നിയമസഭയിലേയ്ക്കുള്ള ആദ്യ അങ്കമാണിത്. ബി.ജെ.പി സഹയാത്രികനാണ് രഘുനാഥ്.
പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയും യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗവുമായ ജിബി വര്‍ഗീസ്( ജിബി പാത്തിയ്ക്കല്‍) പെരുമ്പാവൂരില്‍ എന്‍.ഡി.എയ്ക്ക് വേണ്ടി ജനവിധി തേടുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യച്ച ലക്ഷ്മി പ്രിയയ്ക്ക് പകരമാണ് ജിബി വര്‍ഗീസിനെ പ്രഖ്യാപിച്ചത്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാതെ വന്നതുകൊണ്ടാണ് ലക്ഷ്മി പ്രിയയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പിന്‍വലിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായ ജിബി ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് യു.കെ.ബഹറിന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ്, യാക്കോബായ യൂത്ത് അസ്സോസിയേഷന്‍ സെക്രട്ടറി തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്വന്റി20 പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടിയുടെ സഹയാത്രികന്‍ കൂടിയായിരുന്നു ജിബി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു