കൊച്ചി: പാര്‍ട്ടി രൂപീകരിച്ച നാള്‍ മുതല്‍ യു.ഡി.എഫിനൊപ്പം ഘടക കക്ഷിയായി നിലകൊളളുന്ന ജെ.എസ്.എസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും ടീം യുഡിഎഫിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുള്ള നടപടിയല്ല കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും ജെ.എസ്. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ അഡ്വ. എ.എന്‍ രാജന്‍ ബാബു പറഞ്ഞു. സാമൂഹ്യനീതി രാഷ്ട്രീയ കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഇതിന് തുരങ്കം വെയ്ക്കുന്ന നിലപാടാണ് ഇപ്പോള്‍ ജെ.എസ്.എസിന് സീറ്റ് നിഷേധിച്ചതിലൂടെ കോണ്‍ഗ്രസ് നേതൃത്വതവും യുഡിഎഫ് നേതൃത്വവും സ്വീകരിച്ചിരിക്കുന്നത്. ഉടുമ്പന്‍ചോല, വൈപ്പിന്‍, അമ്പലപ്പുഴ സീറ്റ് ആവശ്യപ്പെട്ട് യു.ഡി.എഫ്, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് പാര്‍ട്ടി കത്തു നല്‍കിയിരുന്നതാണ്. കെ. ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തില്‍ 94 ല്‍ ജെ.എസ്.എസ് രൂപം കൊണ്ട നാള്‍ മുതല്‍ പാര്‍ട്ടി യുഡിഎഫിന്റെ അഭിഭാജ്യഘടകമായിട്ടാണ് നിലകൊള്ളുന്നത്. 2001 ല്‍ അരൂരില്‍ അടക്കം പാര്‍ട്ടി അഞ്ചു സീറ്റില്‍ മല്‍സരിക്കുകയും നാലിടത്ത് വിജയിച്ച് കെ.ആര്‍ ഗൗരിയമ്മ അന്നത്തെ എ.കെ ആന്റണി മന്ത്രി സഭയില്‍ കൃഷി മന്ത്രിയാകുകയും ചെയ്തതാണ്. പിന്നീട് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞപ്പോഴും യുഡിഎഫിനൊപ്പമാണ് ജെ.എസ്.എസ് നിലകൊണ്ടത്.ഇതെല്ലാം മറന്നുകൊണ്ടുള്ള നിലാപാടണ് നിലവിലെ കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്നതെന്നും തുടര്‍ നടപടികള്‍ സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അഡ്വ. എ. എന്‍ രാജന്‍ ബാബു പറഞ്ഞു.

