കൊച്ചി : ഇന്ത്യയിലെ മുന്‍നിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ്, 2026 ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 20% വളര്‍ച്ചയോടെ 2,597 കോടി രൂപയുടെ വരുമാനം നേടി. പ്രവര്‍ത്തന ലാഭത്തില്‍ ഉണ്ടായ 30 ശതമാനത്തിന്റെ വര്‍ധനവാണ് (576 കോടി രൂപ) ഈ നേട്ടത്തിന് കരുത്തേകിയത്. ഇതോടെ കമ്പനിയുടെ ലാഭവിഹിതം 170 ബിപിഎസ് വര്‍ധിച്ച് 22.2 ശതമാനത്തിലെത്തി. ലയനത്തിന് ശേഷമുള്ള ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ എന്ന സംയുക്ത സ്ഥാപനത്തിന്റെ ആദ്യ സാമ്പത്തിക റിപ്പോര്‍ട്ടാണിത്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ വരുമാനം 22% വര്‍ധിച്ച് 1,311 കോടി രൂപയും പ്രവര്‍ത്തന ലാഭം (കാസര്‍കോട് ഒഴികെ) 30% വര്‍ധിച്ച് 279 കോടി രൂപയായപ്പോള്‍ ക്വാളിറ്റി കെയറിന്റെ വരുമാനം 19% വര്‍ധിച്ച് 1,287 കോടി രൂപയും പ്രവര്‍ത്തന ലാഭം 32% വര്‍ധിച്ച് 299 കോടി രൂപയുമായി. ഒപ്പം, കാസര്‍കോട് ആശുപത്രി പ്രവര്‍ത്തനം തുടങ്ങി ഒമ്പതാം മാസത്തില്‍ തന്നെ പ്രവര്‍ത്തന ലാഭത്തിലെത്തി എന്ന നേട്ടവും കൈവരിച്ചു. വരും മാസങ്ങളില്‍ ലയനത്തിലൂടെ രൂപപ്പെട്ട ഈ വലിയ പ്ലാറ്റ്ഫോമിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുമെന്നും, വലിയ സേവന ശൃംഖല, മികച്ച ചികിത്സാ വൈദഗ്ധ്യം, സമൂഹത്തില്‍ വലിയ സ്വാധീനം – ഇതാണ് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന്റെ പുതിയ നയമെന്ന് സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി. ഈ കാലയളവില്‍ മാത്രം ഇന്‍-പ്യേഷന്റ്, ഔട്ട്-പ്യേഷന്റ് വിഭാഗങ്ങളിലായി ആകെ 20 ലക്ഷം പേര്‍ക്ക്, അതായത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13% കൂടുതല്‍ ചികിത്സ നല്‍കിയെന്ന് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുണ്‍ ഖന്നയും പറഞ്ഞു.

