ബന്ധൻ കോൺട്ര ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫർ (NFO) ആഗസ്റ്റ് 10ന് ആരംഭിച്ച് ആഗസ്റ്റ് 24ന് അവസാനിക്കും
കൊച്ചി: വൈരുദ്ധ്യാത്മക (കോൺട്രേറിയൻ) നിക്ഷേപ തന്ത്രം പിന്തുടരുന്ന ഓപ്പൺ-എൻഡഡ് ഇക്വിറ്റി പദ്ധതിയായ ബന്ധൻ കോൺട്ര ഫണ്ട് അവതരിപ്പിച്ച് ബന്ധൻ മ്യൂച്വൽ ഫണ്ട്. നിലവിലെ വിപണി സാഹചര്യങ്ങളോ നിക്ഷേപകരുടെ വികാരങ്ങളോ മൂലം താൽക്കാലികമായി പ്രാധാന്യം നഷ്ടപ്പെട്ടതായി കാണപ്പെടുന്നെങ്കിലും അടിസ്ഥാനപരമായി ശക്തമായ ബിസിനസുകളെ കണ്ടെത്തി നിക്ഷേപം നടത്തുകയാണ് ഫണ്ടിന്റെ പ്രധാന ലക്ഷ്യം. വിപണി ധാരണകളിലും കമ്പനികളുടെ അടിസ്ഥാന ഘടകങ്ങളിലും കാലക്രമേണ ഉണ്ടാകുന്ന പുരോഗതിയിലൂടെ ഇത്തരം കമ്പനികൾക്ക് വീണ്ടും മികച്ച മൂല്യനിർണയം ലഭിക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്തുകയാണ് ഫണ്ട് ലക്ഷ്യമിടുന്നത്.
ബന്ധൻ കോൺട്ര ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫർ (NFO) ആഗസ്റ്റ് 10ന് ആരംഭിച്ച് ആഗസ്റ്റ് 24ന് അവസാനിക്കും. ലൈസൻസുള്ള മ്യൂച്വൽ ഫണ്ട് വിതരണക്കാർ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, അല്ലെങ്കിൽ ബന്ധൻ മ്യൂച്വൽ ഫണ്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിക്ഷേപകർക്ക് പദ്ധതിയിൽ നിക്ഷേപിക്കാം.
ദീർഘകാല നിക്ഷേപ കാഴ്ചപ്പാടുള്ളവർക്കും വിവിധ വിപണി ചക്രങ്ങളിലുടനീളം നിക്ഷേപം തുടരാനുള്ള ശേഷിയുള്ളവർക്കും ബന്ധൻ കോൺട്ര ഫണ്ട് പ്രയോജനകരമായ നിക്ഷേപ അവസരം ഒരുക്കുമെന്ന് ബന്ധൻ എഎംസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിശാൽ കപൂർ പറഞ്ഞു. വിപണിയിലെ താൽക്കാലികമായ കാര്യക്ഷമതക്കുറവുകളും മാറിക്കൊണ്ടിരിക്കുന്ന അടിസ്ഥാന ഘടകങ്ങളും സൃഷ്ടിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനാണ് കോൺട്രേറിയൻ സമീപനത്തിലൂടെ ഫണ്ട് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

