ഫിസാറ്റ് രജത ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 30-ന്; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

അങ്കമാലി : സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിടുന്ന അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഫിസാറ്റ്) സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്നു. ഒക്ടോബര്‍ 30 വെള്ളിയാഴ്ച രാവിലെ 10-ന് കോളേജ് ക്യാമ്പസിലെ ഗ്രീന്‍ ഫീല്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍  മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും പുതിയ സില്‍വര്‍ ജൂബിലി മന്ദിരത്തിന്റെ സമര്‍പ്പണവും നിര്‍വ്വഹിക്കും.
ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ (FBOAES) കീഴില്‍ 2002-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫിസാറ്റ്, സാങ്കേതിക വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ക്യാമ്പസ് പ്ലേസ്മെന്റുകളിലും വന്‍ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ച 75,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സില്‍വര്‍ ജൂബിലി മന്ദിരത്തില്‍ നൂതന സാങ്കേതികവിദ്യ കോഴ്‌സുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, അത്യാധുനിക ലാബുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ മുഖ്യാതിഥിയാകും. ഫിസാറ്റ് ചെയര്‍മാന്‍ പി.ആര്‍. ഷിമിത്ത് അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന്‍ എം.പി., അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല  വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ്, ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒ.യുമായ കെ.വി.എസ്. മണിയന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍, ഫിസാറ്റ് വൈസ് ചെയര്‍മാന്‍ സച്ചിന്‍ ജേക്കബ് പോള്‍, ട്രഷറര്‍ ജെനിബ് ജെ. കാച്ചപ്പിള്ളി, അസോസിയേറ്റ് സെക്രട്ടറി എസ്.സത്യമൂര്‍ത്തി തുടങ്ങിയവരും പി.ടി.എ., അലുമ്‌നി, കോളേജ് യൂണിയന്‍ എന്നിവരുടെ പ്രതിനിധികളും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും. മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ , ഫെഡറല്‍ ബാങ്ക് ഓഫീസര്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ , എഫ്ബിഓഎഇഎസ്  സൊസൈറ്റി അംഗങ്ങള്‍ , രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ , ജനപ്രതിനിധികള്‍ , സ്ഥാപനം തുടങ്ങുന്നതിനായി ഭൂമി വിട്ടു നല്‍കിയവര്‍, മുന്‍കാല ജീവനക്കാര്‍  തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകും
ചടങ്ങില്‍ 25 ഇയേഴ്‌സ് ഓഫ് എക്‌സലന്റസ് – ഫിസാറ്റ് എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി മാസ്റ്റര്‍ പ്ലാന്‍, ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, സാമൂഹിക ക്ഷേമ പദ്ധതികള്‍ എന്നിവ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് അങ്കമാലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഫിസാറ്റ് ചെയര്‍മാന്‍ പി. ആര്‍.ഷിമിത്ത് , വൈസ് ചെയര്‍മാന്‍ സച്ചിന്‍ ജേക്കബ് പോള്‍, ട്രഷറര്‍ ജെനിബ് ജെ കാച്ചപ്പിള്ളി, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അസ്സോസിയേറ്റ് ട്രഷറര്‍ ശശി പി ആര്‍, അബ്ദുല്‍ നാസര്‍ എം പി, കെ കെ അജിത് കുമാര്‍ , ജോര്‍ജ് സി ചാക്കോ,  പ്രിന്‍സിപ്പല്‍ ഡോ. വി. ജേക്കബ് തോമസ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ ഷിന്റോ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു