1-August-2023 -
By. health desk
ഇന്ന് ലോക ശ്വാസകോശ അര്‍ബുദ ദിനമാണ്. ലംഗ്‌സ് കാന്‍സര്‍ അഥവാ ശ്വാസകോശ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ലോകത്ത് ഏറ്റവുമധികം പേരുടെ മരണത്തിന് കാരണമാകുന്ന കാന്‍സറാണ് ശ്വാസകോശ അര്‍ബുദം. പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിനും, സ്ത്രീകളില്‍ ബ്രസ്റ്റ് കാന്‍സറിനും പിന്നില്‍ രണ്ടാം സ്ഥാനത്താണ് ശ്വാസകോശ അര്‍ബുദം. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്തവണ്ണം രോഗ നിര്‍ണയം വൈകുന്നതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. ഇതിനെ കുറിച്ച് കൃത്യമായ അവബോധമില്ലാത്തതാണ് അപകടത്തിലേക്ക് നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് ഒന്ന് ലോക ശ്വാസകോശ അര്‍ബുദ ദിനമായി ആചരിക്കുന്നത്. ജനങ്ങളില്‍ കൃതമായ ബോധവല്‍ക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.
രോഗനിര്‍ണ്ണയം മുഖ്യം
ശ്വാസകോശ അര്‍ബുദത്തിന് ചികിത്സ നല്‍കുന്നത്തിലെ ഏറ്റവും പ്രധാന വെല്ലുവിളി രോഗനിര്‍ണണമാണ്. 80 മുതല്‍ 85 ശതമാനം രോഗികളിലും അസുഖം മൂര്‍ച്ഛിച്ച് മൂന്നാം ഘട്ടത്തിലോ നാലാം ഘട്ടത്തില്‍ എത്തുമ്പോഴാണ് രോഗ നിര്‍ണയം നടക്കുന്നത്. ഇത്തരം രോഗികളില്‍ 20 ശതമാനത്തോളം പേരില്‍ മാത്രമേ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയൂ. അതേസമയം നേരത്തെ രോഗനിര്‍ണയം നടത്തിയവരില്‍ 70 ശതമാനത്തിലധികം രോഗികളെയും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ ഭേദമാക്കാനും, കൃത്യമായ ചികിത്സ കൊണ്ടു ശാരീരിക ബുദ്ധിമുട്ടുകള്‍ കുറക്കാനും കഴിയുമെന്നതിനാല്‍ നേരത്തെയുള്ള രോഗനിര്‍ണയം അത്യാവശ്യമാണ്.
ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം, ചികിത്സ വേഗത്തിലാക്കാം
ശ്വാസകോശ അര്‍ബുദത്തിന്റെ ഏറ്റവും പ്രാഥമികമായ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കുന്നത് നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവന്‍ രക്ഷിക്കുന്നതിന് സഹായിക്കും. സ്ഥിരമായി പുകവലിക്കുന്നവരിലും ഹാനികരമായ രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലുമാണ് ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കൂടുതലുള്ളത്. പ്രാരംഭ ഘട്ടത്തില്‍, ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് സാധാരണഗതിയില്‍ പ്രയാസമാണ്, തുടക്കത്തില്‍ സാധാരശ്വാസകോശണ ലക്ഷണങ്ങള്‍ മാത്രമുള്ളതിനാല്‍ തിരിച്ചറിയാന്‍ പോലും കഴിഞ്ഞെന്നു വരില്ല. എന്നിരുന്നാലും, ചിലപ്പോള്‍ നാം ശ്രദ്ധിക്കാതെ പോകുന്ന പ്രകടമായ ചില ആദ്യകാല ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിക്കാന്‍ സഹായിക്കും.
വിട്ടുമാറാത്ത ചുമ
നമ്മുടെ ശ്വാസനാളത്തിലേക്കും ശ്വാസകോശത്തിലേക്കും പുറത്ത് നിന്നുള്ള വസ്തുക്കള്‍ കടക്കുന്നത് തടയാനുള്ള ഒരു മാര്‍ഗമാണ് ചുമ. എന്നാല്‍ വിട്ടുമാറാത്ത ചുമയാണ് ശ്വാസകോശ അര്‍ബുദത്തിന്റെ ഒരു പ്രധാന ലക്ഷണം. പനി, ജലദോഷം എന്നിവ മൂലം ചുമ ഉണ്ടാകാം. എന്നാല്‍ രണ്ട് അവസ്ഥകളിലും പത്ത് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ല. എന്നാല്‍ ശ്വാസകോശ അര്‍ബുദം ബാധിച്ചവരില്‍, ചുമ പതിവായി കാണപ്പെടും. എന്നാല്‍ യാതൊരു കാരണവുമില്ലാതെ വിട്ടു മാറാത്ത ചുമ തുടര്‍ന്നാല്‍ തീര്‍ച്ചയായും വിശദമായി പരിശോധന തേടേണ്ടതാണ്.
ശ്വാസതടസ്സം
രണ്ടാംഘട്ടത്തില്‍ അതിവേഗത്തിലാണ് ശ്വാസകോശത്തിലെ കാന്‍സര്‍ കോശങ്ങള്‍ പെരുകുക. ഇത് ശ്വാസനാളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ പ്രവാഹം കുറക്കുകയും ചെയ്യുന്നു. ഇതോടെ ശരീരത്തിന് ആവശ്യമായ വായു ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാകും. ഇത് കാന്‍സര്‍ ബാധിതന് ശ്വാസതടസ്സവും ക്ഷീണവും ഉണ്ടാക്കുന്നു. നടക്കുമ്പോള്‍ പോലും ശ്വാസം കിട്ടാതെ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
ഭാരക്കുറവും ക്ഷീണവും
ചെറിയ കാലയളവിനുള്ളില്‍ യാതൊരു കാരണവുമില്ലാതെ അനിയന്ത്രിതമായുണ്ടാകുന്ന ഭാരക്കുറവ് കാന്‍സര്‍ ലക്ഷണമായേക്കാം. ശരീര ഭാരം നാല് കിലോയോ അതിനേക്കാള്‍ അധികമോ കുറയും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മൂലം. വിശപ്പില്ലായ്മ ഉണ്ടാകുന്നതാണ് ശരീരഭാരത്തില്‍ മാറ്റത്തിനും ഇടയാക്കുന്നത്. ശരീരഭാരത്തിലെ മാറ്റം നാലു കിലോയോ അതില്‍ അധികമോ കുറഞ്ഞാല്‍ തീര്‍ച്ചയായും വിശദ പരിശോധന തേടിയിരിക്കണം.
കഫത്തില്‍ രക്തം കാണുക
ചെറിയ അളവിലോ വലിയ അളവിലോ ആയിക്കോട്ടെ, കഫത്തില്‍ രക്തം കാണപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ദിക്കണം. ചില സന്ദര്‍ഭങ്ങളില്‍ വായിലെ മുറിവുകള്‍ (പുണ്ണുകള്‍) കാരണമോ, മോണരോഗം കാരണമോ ഒക്കെയാകാം ഇവ സംഭവിക്കുന്നത്. എന്നാല്‍ കഫത്തിനുള്ളിലാണ് രക്തം കാണുന്നതെങ്കില്‍ തീര്‍ച്ചയായും പരിശോധിച്ച് ഉറപ്പു വരുത്തണം.
രോഗ നിര്‍ണയം, ചികിത്സ
നേരത്തെയുള്ള രോഗനിര്‍ണയമാണ് കാന്‍സര്‍ ചികിത്സയില്‍ ഏറ്റവും പ്രധാന ഘടകം. പുകവലിക്കാരില്‍ 55 വയസിന് ശേഷവും, കുടുംബത്തില്‍ ശ്വാസകോശ രോഗമുള്ളവരുണ്ടെങ്കില്‍ അവരും, എല്‍.ഡി.സി.റ്റി ഡോസ് സി.ടി പരിശോധന നടത്തണം. റേഡിയേഷന്‍ തോത് വളരെ കുറവായതിനാല്‍ ഇത് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. പരിശോധനയിലൂടെ നേരത്തെ തന്നെ രോഗ നിര്‍ണ്ണയം നടത്തി ചികിത്സ നിര്‍ണയിക്കാന്‍ കഴിയും. ആവശ്യമെങ്കില്‍ ശസ്ത്രക്രിയയിലൂടെ രോഗം പൂര്‍ണ്ണമായും നീക്കം ചെയ്യാനും കഴിയും.
നൂതന ചികിത്സകള്‍
വളരെ നൂതനമായ മരുന്നുകളും, ചികിത്സകളുമാണ് ശ്വാസകോശ അര്‍ബുദ ചികിത്സക്കായി ഉപയോഗിക്കുന്നത്. വലിയ തോതില്‍ ഗവേഷണങ്ങള്‍ നടക്കുന്നതിനാല്‍ അനുദിനം പുതിയ ചികിത്സ രീതികളും ഉയര്‍ന്നു വരുന്നുണ്ട്. ജനിതക പരിണാമങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സ, ടാര്‍ഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, നൂതന റേഡിയേഷന്‍ ചികിത്സ (സ്റ്റീരിയോടാക്ടിക് റേഡിയേഷന്‍ തെറാപ്പി), വീഡിയോ അസിസ്റ്റഡ് തൊറാസ്‌കോപ്പിക് ശസ്ത്രക്രിയ തുടങ്ങിയ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്.
അന്തരീക്ഷ മലിനീകരണം കുറക്കാം, കാന്‍സര്‍ സാധ്യതകളും
മുഖ്യ കാരണം പുകവലിയാണെങ്കിലും പുകവലിക്കാത്ത ആളുകളിലും ശ്വാസകോശ അര്‍ബുദം കൂടിവരുന്ന കാഴ്ചയാണ് ഇന്നുള്ളത്. നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളും ശ്വസിക്കുന്ന വായുവും മലിനമാകുന്നതാണ് പ്രധാന കാരണം. അതിനാല്‍ തന്നെ അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് പ്രത്യേക പരിഗണന നല്‍കിയുള്ള പ്രവര്‍ത്തനം വേണം. ഇതിലൂടെ നമ്മുടെ കുടുംബത്തിനും, സമൂഹത്തിനും ഭാവി തലമുറക്കും സുരക്ഷിതമായ ജീവിതം ഉറപ്പുവരുത്താം
തയ്യാറാക്കിയത്: ഡോ. കെ. മധു (ശ്വാസകോശ വിഭാഗം ഡയറക്ടര്‍ ആസ്റ്റര്‍ മിംസ് കോഴിക്കോട്)