16-September-2023 -
By. health desk
കൊച്ചി:എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ആധുനിക രീതിയില്‍ സജ്ജമാക്കിയ പുതിയ പീഡിയാട്രിക് ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നവീകരിച്ച പീഡിയാട്രിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആതുര സേവന രംഗത്ത് ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പൊതു സമൂഹത്തിന് എന്നും മുതല്‍ക്കൂട്ടാണെന്ന് വി ഡി സതീശന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൊവിഡിനു ശേഷം പൊതുസമൂഹത്തില്‍ രോഗങ്ങളും മരണങ്ങളും അസാധാരണമാം വിധം ഗൗരമായതരത്തില്‍ വര്‍ധിച്ചുവരുന്നതായി വി ഡി സതീശന്‍ പറഞ്ഞു. കൊവിഡിന്റെ പ്രത്യാഘാതമാണോ അതോ മറ്റു വല്ലതുമാണോ ഇത്തരത്തില്‍ മരണനിരക്ക് ഉയരുന്നതിനു കാരണമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും ഗൗരവമായി പഠനം നടത്തണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
കൊവിഡിനു ശേഷം വ്യാപകമായി ഹൃദയസംബന്ധമായ അസുഖങ്ങളും സ്‌ട്രോക്കും വര്‍ധിക്കുന്നുണ്ട്. ഒപ്പം ശ്വാസകോശത്തിലും രക്തത്തിലും അണുബാധയുണ്ടാകുന്നതും വര്‍ധിച്ചുവരുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇത് സംബന്ധിച്ച് യാതൊരുവിധ പഠനമോ പരിശോധനയോ നടക്കുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. ആരോഗ്യസംബന്ധമായ വിഷയത്തില്‍ യാതൊരുവിധ ഡാറ്റയും സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. ഡാറ്റവെച്ച് വിശകലനം നടത്തിയാണ് മഹാമാരികള്‍ വീണ്ടും വരുമ്പോള്‍ ഇതിന്റെ ചികില്‍സാ പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടതെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ആശുപത്രി ഭരണ സമിതി പ്രസിഡന്റ് എം.ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍.എ, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആന്റണി പൈനുതറ, ആശുപത്രി സെക്രട്ടറി അജയ് തറയില്‍, വൈസ് പ്രസിഡന്റ് അഡ്വ.ബി.എ അബ്ദുള്‍ മുത്തലിബ്, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ.സി.കെ ബാലന്‍,ഡയറക്ടര്‍ മാരായ ഡോ.ഹസീന മുഹമ്മദ്,അഗസ്റ്റസ് സിറിള്‍, പി.വി അഷ്‌റഫ്, ഇക്ബാല്‍ വലിയവീട്ടില്‍, റഷീദ് ടി.എച്ച്, എന്‍.എ അബ്രാഹം, ഇന്ദിരാഭായ് പ്രസാദ്, ആലപ്പാട്ട് മുരളീധരന്‍, അശോകന്‍ പി.ഡി തുടങ്ങിയവര്‍ സംസാരിച്ചു.