29-September-2023 -
By. news desk
കൊച്ചി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തുടനീളം കര്‍ണ്ണാടക ബാങ്കിന്റെ ശാഖകള്‍ക്ക് മുന്നില്‍ ഉപരോധ സമരവും ധര്‍ണ്ണയും നടത്തി. കോട്ടയത്ത് ബിനുവെന്ന വ്യാപാരി ആത്മഹത്യ ചെയ്യാന്‍ കാരണം കര്‍ണ്ണാടക ബാങ്കിന്റെ പീഢനം മൂലമാണെന്ന് ആരോപിച്ചാണ് വ്യാപാരികള്‍ കര്‍ണ്ണാടക ബാങ്ക് ശാഖകള്‍ ഉപരോധിച്ചത്.ആത്മഹത്യ ചെയ്ത വ്യാപാരിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും, കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, കുറ്റക്കാരായ ബാങ്ക് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ കര്‍ണ്ണാടക ബാങ്ക് ശാഖകളും ഉപരോധിച്ചു.
എറണാകുളം എം.ജി.റോഡ് ശാഖയില്‍ നടന്ന ഉപരോധവും ധര്‍ണ്ണയും ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് വായ്പകള്‍ എടുക്കുന്നത് ചെറുകിട വ്യാപാരികളാണ്. വന്‍കിട കോര്‍പ്പറേറ്റുകളും വ്യക്തികളും ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് രാജ്യം വിടുന്നു. അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാത്ത ബാങ്കുകളാണ് നിനച്ചിരിക്കാത്ത സാഹചര്യങ്ങള്‍ മൂലം ഒന്നോ രണ്ടോ തവണ തിരിച്ചടവിന് മുടക്കം വരുമ്പോള്‍ തന്നെ ചെറുകിട വ്യാപാരികളെ വ്യാപാര സ്ഥാപനത്തില്‍ കയറി ഭീഷണിപ്പെടുത്തി അവരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നത്. ഈ പ്രവണത അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ സംഘടന ശക്തമായി സമര രംഗത്തിറങ്ങുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. യൂത്ത് വിംഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ കോലം കത്തിച്ചു. എം.സി.പോള്‍സണ്‍, കെ.ഗോപാലന്‍, എഡ്‌വേര്‍ഡ് ഫോസ്റ്റസ്, പി.വി.മോന്‍സി, റോയി തൃപ്പൂണിത്തുറ, സുനില്‍ കുമാര്‍, പി.വി.പ്രകാശന്‍, പോള്‍ മാമ്പള്ളി, കെ.എസ്.നിഷാദ്, പ്രദീപ് ജോസ്, ജയ പീറ്റര്‍, എസ്. കമറുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.ആലുവ ശാഖയ്ക്ക് മുന്നിലെ സമരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ് ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം ശാഖയ്ക്ക് മുന്നിലെ സമരം ജില്ലാ ട്രഷറര്‍ സി.എസ്.അജ്മല്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.ജോയി, അസീസ് മൂലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.