10-October-2023 -
By. news desk
കൊച്ചി: അഖില ഭാരത നാരായണീയ മഹോല്‍സവ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശ്രീമദ് നാരായണീയ മഹോല്‍സവം ശതകോടിയര്‍ച്ചന നവംബര്‍ അഞ്ചു മുതല്‍ 12 വരെ എറണാകുളത്തപ്പന്‍ മൈതാനിയില്‍ നടക്കുമെന്ന് അഖിലഭാരത നാരായണീയ മഹോല്‍സവ സമിതി പ്രസിഡന്റ് അഡ്വ മാങ്കോട് രാമകൃഷ്ണന്‍,ജനറല്‍ കണ്‍വീനര്‍ ആര്‍.നാരായണപിള്ള(ബാബു) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 41 ദിവസങ്ങളില്‍ ശതകോടിനാരായണമന്ത്രം ജപിച്ച് തുളസി അര്‍ച്ചന ചെയ്യുന്ന 10008 സാധകരുടെ അര്‍ച്ചനയാണ് നാരയണീയ മഹോല്‍സവ ശതകോടി അര്‍ച്ചന.
നവംബര്‍ അഞ്ചിന് രാവില 10.30 ന് ചേരുന്ന സമ്മേളത്തില്‍ തൃശൂര്‍ തപോവനം നാരായണാശ്രമം ആചാര്യന്‍ സ്വാമി ഭൂമാനാന്ദ തീര്‍ത്ഥമഹാരാജ് നാരായണീയ മഹോല്‍സവം ഉദ്ഘാടനം ചെയ്യും. നാരായണീയ മഹോല്‍സവ സമിതി ചെയര്‍മാന്‍ വി.എസ് രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.ചലച്ചിത്രതാരം സുരേഷ് ഗോപി മുഖ്യാതിഥിയാകും. മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി,എം മോഹനന്‍, എം.ബി മുരളീധരന്‍, ക്യാപ്റ്റന്‍ സുന്ദരം തുടങ്ങിയവര്‍ സംസാരിക്കും.തുടര്‍ന്ന് നാരായണീയ പാരായണം, പ്രഭാഷണം,തുളസീ വിവാഹോല്‍സവം എന്നിവ നടക്കും.വൈകിട്ട് 6.30 ന് സംഗീത സംവിധായകന്‍ ടി.എസ് രാധാകൃഷ്ണന്റെ 50 വര്‍ഷത്തെ ഗാന സപര്യയുടെ ആഘോഷം ഒരു നേരമെങ്കിലും എന്ന പ്രോഗ്രാം നടക്കും.
നാരായണീയ മഹോല്‍സവത്തിന്റെ ഭാഗമായി ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നിന്നും പൂജിച്ചെടുത്ത തുളസിവിത്തുകള്‍ നാരായണീയ മന്ത്രത്തോടെ ജപിച്ചുവളര്‍ത്തി ഭക്തര്‍ മഹോല്‍സവ വേദിയില്‍ എത്തിക്കും. എട്ടു ദിവസങ്ങളിലായി ഗുരുവായൂരിലെ എട്ട് മുന്‍ മേല്‍ശാന്തിമാര്‍ ഒരോ ദിവസവും 1308 വീതം തുളസീ വിവാഹോല്‍സവങ്ങളിലൂടെ 10008 തുളസിക്കല്ല്യാണോല്‍സവവും നടത്തും. 10008 വീടുകളില്‍ നിന്നും 10 വീതം തുളസിച്ചെടികള്‍ ലക്ഷക്കണക്കിന് വീടുകളില്‍ എത്തിയ്ക്കുന്നതാണ് മഹോല്‍സവത്തിന്റെ മറ്റൊരു പ്രത്യേകത. സെപ്തംബര്‍ 25 മുതല്‍ 10008 ജപസാധകര്‍ നാരായണമന്ത്രത്താല്‍ കോടി മന്ത്രങ്ങള്‍ ജപിച്ചു തുടങ്ങി. 1008 വീടുകളിലും ജപദ്രവ്യങ്ങള്‍ എത്തിച്ചു.നാരായണ മന്ത്രജപവും ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നിന്നും പൂജിച്ചെടുത്ത തുളസിയുടെ വിത്തുകളും വീടുകളില്‍ നട്ട് നാരായണ മന്ത്രം ജപിച്ച് തുളസിച്ചെടി വളര്‍ത്തല്‍ നടന്നു വരികയാണ്.
10008 നാരായണീയ സമിതികളില്‍ കൂടിയാണ് ശതകോടിയര്‍ച്ചനാ യജ്ഞം നടക്കുന്നത്. ദിവസവും രാവില എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ മേഖലാ നാരായണീയ സമിതികളുടെ നേതൃത്വത്തില്‍ 108 നാരായണീയ ആചാര്യന്മാരും 1008 സഹആചാര്യന്മാരും പങ്കെടുക്കുന്ന സമ്പൂര്‍ണ്ണ നാരായണീയ പാരായണങ്ങളും നടത്തും. 30 ലധികം പ്രമുഖ പ്രഭാഷകര്‍, ശബരിമല,ഗുരുവായൂര്‍ തന്ത്രിമുഖ്യര്‍,മേല്‍ശാന്തിമാര്‍ തുടങ്ങി 30 ആചാര്യന്മാര്‍ നാരായണീയ മഹോല്‍സവ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. 25,000 സ്‌ക്വയര്‍ഫീറ്റിലാണ് പന്തല്‍ ഒരുക്കുന്നത്. നാരായണീയ പദ്ധതി വഴിയുള്ള നേത്രദാനം,സൗജന്യ നേത്രചികില്‍സ തുടങ്ങിയവയും മഹോല്‍സവത്തിന്റെ ഭാഗമായി നടക്കും. മഹോല്‍സവത്തിനോടനുബന്ധിച്ച് നടത്തുന്ന രഥഘോഷയാത്ര ഈ മാസം 30ന് (ഒക്ടോബര്‍ 30 ന്) വൈപ്പിന്‍ മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ച് നവംബര്‍ നാലിന് മഹോല്‍സവ വേദിയില്‍ എത്തിച്ചേരും
.നവംബര്‍ അഞ്ചു മുതല്‍ ദിവസവും രാവിലെ 5.30 ന് ഗണപതി ഹോമം,തുടര്‍ന്ന് നാരായണീയ പാരായണം,പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.ആറിന് വൈകിട്ട് 6. 30 ന് ശ്രീകൃഷ്ണ ചൈതന്യോല്‍സവം,ഏഴിന് വൈകിട്ട് 6.30 ന് കൊച്ചു കുട്ടികളുടെ ലിറ്റില്‍ സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാം,എട്ടിന് വൈകിട്ട് 6.30ന് അമൃതാനന്ദമയി മഠത്തിന്റെ അമൃതോല്‍സവം,ഒമ്പതിന് രാവിലെ ഒമ്പതിന് രവീന്ദ്രസംഗീതോല്‍സവം,10 ന് വൈകിട്ട് 6.30 ന് ആര്‍ട്ട് ഓഫ് ലിവിംഗ് സല്‍സംഗ്,11 ന് വൈകുന്നേരം 5 ന് നരസേവ നാരായണസേവ പദ്ദതിയുടെ ഭാഗമായി കിടപ്പുരോഗികള്‍ക്കുള്ള സഹായവിതരണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വ്വഹിക്കും.തുടര്‍ന്ന് ഭക്തിഗാനമൃതസന്ധ്യ. 12 ന് ഉച്ചയ്ക്ക്് രണ്ടിന് നൂറുകണക്കിന് ഭക്തര്‍ അണിനിരക്കുന്ന നാരായണീയ ഗോപികാ നൃത്തവും മൂന്നിന് പൈതൃകസമാദരണ സഭയും നടക്കും..5.30ന് ശബരിമല മുന്‍മേല്‍ശാന്തിമാരുടെ നേതൃത്വത്തില്‍ സമാപന ചടങ്ങുകള്‍ നടക്കും. നാരായണീയ മഹോല്‍സവ സമിതി കോര്‍ഡിനേറ്റര്‍ കെ.രജികുമാര്‍,വൈസ് ചെയര്‍ന്മാരായ എന്‍.ആര്‍ സുധാകരന്‍,സോമകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.