11-October-2023 -
By. Business Desk
കൊച്ചി: രാജ്യാന്തര തലത്തില്‍ ഏറെ പ്രചാരമുള്ള കാര്‍ബൂട്ട് വില്‍പന ഇനി കൊച്ചിയിലും. കൊച്ചി കോര്‍പ്പറഷനും ജിസിഡിഎയുമായി സഹകരിച്ച് കൊച്ചിയില്‍ നിന്നുള്ള സ്റ്റാര്‍ട്അപ് ഡയഗണ്‍ വെഞ്ച്വേഴ്‌സിന്റേതാണ് ഉദ്യമം. കേരളത്തിലെ ഏറ്റവും വലിയ വ്യാവസായിക എക്‌സിബിഷനുകള്‍ക്ക് വേദിയാകുന്ന ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്‌റ്റേഡിയം എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നവംബര്‍ 3 മുതല്‍ 5 വരെയാണ് കാര്‍ബൂട്ട് വില്‍പന സംഘടിപ്പിക്കുന്നതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, ഡയഗണ്‍ വെഞ്ച്വേഴ്‌സ് എംഡി ഫിലിപ്പ് പുളിക്കാവില്‍ എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപിച്ചു. പ്രഖ്യാപനച്ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമാതാരവും സംവിധായകനുമായ അനൂപ് മേനോനും സിനിമാതാരം ഗൗരി നന്ദയും ചേര്‍ന്ന് കാര്‍ബൂട്ട് സെയില്‍ ലോഗോ പ്രകാശനം ചെയ്തു.
പ്രഖ്യാപനത്തിന്റെ ഭാഗമായി പതിനൊന്ന് കാറുകള്‍ പങ്കെടുത്ത ഡെമോണ്‍സ്‌ട്രേഷനും നടന്നു. കാര്‍ബൂട്ട് സെയിലിന്റെ പ്രചരണാര്‍ത്ഥം സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് റീടെയില്‍ മാനേജ്‌മെന്റ് വിഭാഗത്തിലെ 17 വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ്‌മോബും അവതരിപ്പിച്ചു. നവംബറിലെ ആദ്യ കാര്‍ബൂട്ട് വില്‍പ്പനയില്‍ 500 കാറുകള്‍ അവയുടെ ബൂട്ടില്‍ വില്‍പ്പനയ്ക്കുള്ള വിവിധ സാധനങ്ങളുമായി എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഫിലിപ്പ് പുളിക്കാവില്‍ പറഞ്ഞു. വില്‍പ്പനയില്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുത്ത് വില്‍പ്പന നടത്താം.നവംബര്‍ 3 മുതല്‍ 5 വരെ രാവിലെ 9 മുതല്‍ രാത്രി 11 വരെയാണ് കാര്‍ബൂട്ട് വിപണി സജീവമാലുക.
പരീക്ഷണാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിനാല്‍ വില്‍പനയില്‍ സൗജന്യമായി പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. ലക്ഷങ്ങള്‍ വാടക നല്‍കി എക്‌സിബിഷനുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് കാര്‍ബൂട്ട് വില്‍പന സുവര്‍ണാവസരമാണ് നല്‍കുന്നതെന്ന് ഡയഗണ്‍ കാര്‍ട്ട് മാനേജിങ് ഡയറക്ടര്‍ ഫിലിപ്പ് പുളിക്കാവില്‍ പറഞ്ഞു. വില്‍ക്കാന്‍ ഒരു ഉല്‍പന്നമുണ്ടെങ്കില്‍ ഒരു വാഹനം കൂടിയുണ്ടെങ്കില്‍ ഉല്‍പന്നം നേരിട്ടു ആവശ്യക്കാരിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുന്നതാണ് കാര്‍ബൂട്ട് വില്‍പന.അഞ്ഞൂറില്‍ പരം വില്‍പനക്കാരും ഒരു ലക്ഷത്തില്‍ പരം ഉപഭോക്താക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിലിപ്പ് പുളിക്കാവില്‍ പറഞ്ഞു.
ചെറുകിട വ്യാവസായിക ഉല്‍പാദകര്‍ മുതല്‍ വഴിയോരക്കച്ചവടക്കാര്‍ക്കു വരെ നിയമപരമായി അവരുടെ ഉല്‍പന്നങ്ങള്‍ തുച്ഛമായ മുടക്കുമുതലില്‍ വില്‍പനയ്ക്കു വയ്ക്കാന്‍ അവസരം ഒരുക്കുകയാണ് കാര്‍ബൂട്ട് വില്‍പനയിലൂടെ ലക്ഷ്യമിടുന്നത്. ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.സ്‌റ്റേഡിയത്തെ കൂടുതല്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും വരുമാനം വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ട് നടപ്പാക്കുന്നതാണ് പദ്ധതി. ചെറുകിട, വഴിയോര കച്ചവടക്കാരെ സഹായിക്കുക ലക്ഷ്യമിട്ടു നടത്തുന്ന പദ്ധതിയുടെ പരീക്ഷണ വില്‍പന വിജയകരമാകുന്ന സാഹചര്യത്തില്‍ ഇതു തുടരുന്നു നടപ്പാക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.