Society Today
Breaking News

കൊച്ചി: കാര്‍ഷികരംഗത്ത് ജനിതക സാങ്കേതികവിദ്യകള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സാമൂഹികവശങ്ങള്‍ കൂടി പരിഗണിക്കുന്നതിനുള്ള സംവിധാനമുണ്ടാകണമെന്ന്  വിദഗ്ധര്‍. കൊച്ചിയില്‍ നടക്കുന്ന 16ാമത് അഗ്രികള്‍ച്ചര്‍ സയന്‍സ് കോണ്‍ഗ്രസില്‍ ജനിതകസാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് അഭിപ്രായം. ജിഎം വിളകളുടെ കാര്യത്തില്‍ സാമൂഹികസാമ്പത്തികവശങ്ങള്‍ കൂടി പരിഗണിച്ചുള്ള നയരൂപീകരണങ്ങള്‍ ആവശ്യമാണ്. ഈ രംഗത്തെ ഓരോ ജനിതകസാങ്കേതികവിദ്യകളുടെയും സാമൂഹികമൂല്യം കൂടി കണക്കിലെടുക്കണം. ഇതിന് എല്ലാഘടകങ്ങളും സംയോജിപ്പിച്ചുള്ള വിശാലമായ ചട്ടക്കൂട് വേണം. ജനിതക ശാസ്ത്രജ്ഞരുടെയും സാമൂഹികശാസ്ത്രജ്ഞരുടെയും യോജിച്ചുള്ള ഇടപെടലുകള്‍ ഈ മേഖലയില്‍ കൂടുതല്‍ ഫലം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

ഈ മേഖലയിലെ പുതിയ സാങ്കേതികവിദ്യകള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുന്നതിന് സാമൂഹികാഘാത പഠനങ്ങള്‍കൂടി നടത്തേണ്ടതുണ്ടെന്ന് സംസ്ഥാന ആസൂത്രണ കമ്മീഷന്‍ അംഗം ഡോ ആര്‍ രാമകുമാര്‍ പറഞ്ഞു. പലരും കരുതുന്നതു പോലെ ബിടി കോട്ടന്‍ ഒരു പരാജയമായിരുന്നില്ല. എന്നാല്‍, ഈ അനുഭവം  ശാസ്ത്രസാങ്കേതികരംഗവും നയരൂപീകരണരംഗവുമായുള്ള വിടവ് നികത്താന്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.ഭക്ഷ്യ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതല്‍ ഉല്‍പാദനം നേടാന്‍ ജനിതക ശാസ്ത്രസാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ കഴിയൂവെന്ന് ഓസ്‌ട്രേലിയയിലെ മര്‍ഡോക് സര്‍വകാലശാലയിലെ പ്രൊഫസര്‍ ഡോ മൈക്കല്‍ ജോണ്‍സ് പറഞ്ഞു.


കാര്‍ഷികമേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടുന്നു

കൊച്ചി: കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം മുന്‍കാലത്തേക്കാള്‍ കൂടുകയാണെന്ന് നിരീക്ഷണം. എന്നാലും, സ്ത്രീകളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തി അവരെ കാര്‍ഷിക സംരംഭകരാക്കി മാറ്റുന്നതിന് ഇനിയും ശ്രമങ്ങളുണ്ടാകണമെന്ന് 16ാമത് അഗ്രികള്‍ച്ചര്‍ സയന്‍സ് കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. യുവജനശാക്തീകരണവും ലിംഗസമത്വവും എന്ന വിഷയത്തില്‍ നടന്ന സിംപോസിയത്തിലാണ് ഈ നിരീക്ഷണം.

കൃഷിയിടം മുതല്‍ മൂല്യവര്‍ധിത ഉല്‍പാദനവും വിപണനവും വരെയുള്ള വിവിധ ഘട്ടങ്ങളില്‍ അഗ്രിസ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കണം. ഇത് സ്ത്രീശാക്തീകരണത്തിന് വഴിയൊരുക്കും. ഇത്തരം രംഗങ്ങളില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍നൈപുണ്യപരിശീലനം നല്‍കണം. സ്ത്രീസൗഹൃദ പരിശീലനപരിപാടികള്‍ വ്യാപകമാക്കണം. കാര്‍ഷികരംഗത്ത് വേതനമില്ലാതെ തൊഴിലെടുക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അവ പരിശോധിക്കണമെന്നും സിംപോസിയത്തില്‍ ആവശ്യമുയര്‍ന്നു.തമിഴ്‌നാട് ഫിഷറീസ് സര്‍വകാലശാല വൈസ്ചാന്‍സലര്‍ ഡോ വി ഗീതാലക്ഷ്മി, ഡോ നീരു ഭൂഷന്‍, ഡോ സതേന്ദര്‍ ആര്യ, ഡോ സ്വാതി നായക്, ഡോ മാളവിക ദഡ്‌ലാണി, ഡോ എസ് കെ ശര്‍മ എന്നിവര്‍ സംസാരിച്ചു. 

Top