13-October-2023 -
By. news desk
കൊച്ചി: വര്‍ധിച്ചുവരുന്ന ഭക്ഷ്യപോഷക ആവശ്യകത പശ്ചാത്തലത്തില്‍ മത്സ്യോല്പാദനം കൂട്ടാന്‍ മാരികള്‍ച്ചര്‍ പാര്‍ക്കുകള്‍ വരണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഫ്ആര്‍ഐ). കൊച്ചിയില്‍ നടന്ന 16ാമത് അഗ്രികള്‍ച്ചറല്‍ സയന്‍സ് കോണ്‍ഗ്രസിലാണ് സിഎംഎഫ്ആര്‍ഐ നിര്‍ദേശം അവതരിപ്പിച്ചത്. കടലില്‍ കൂടുമത്സ്യകൃഷിക്ക് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയ തീരദേശ ജില്ലകളിലെ തീരങ്ങളിലാണ് മാരികള്‍ച്ചര്‍ പാര്‍ക് ഒരുക്കേണ്ടത്. ഇന്ത്യയിലാകെ 134 സ്ഥലങ്ങളിലായി 46,958 ഹെക്ടര്‍ തീരക്കടല്‍ കൂടുമത്സ്യകൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആര്‍ഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ, 333 സ്ഥലങ്ങള്‍ കടല്‍പായല്‍ കൃഷി ചെയ്യുന്നതിനും അനുയോജ്യമാണെന്നതും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.വ്യവസ്ഥാപിതമല്ലാത്ത രീതിയില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന രീതിയില്‍ കൂടുകൃഷികള് വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ മാരികള്‍ച്ചര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിലൂടെ ഒഴിവാകും. ഈ കൃഷിരീതികള്‍ വ്യവസ്ഥാപിതവും കേന്ദ്രീകൃതസ്വഭാവത്തോടെയും ചിട്ടപ്പെടുത്താന്‍ പാര്‍ക്കുകള്‍ വഴി സാധിക്കും. ഇത് തീരദേശ ആവാസവ്യവസ്ഥ കേടുകൂടാതെ സംരക്ഷിക്കാനും കഴിയുമെന്ന് സമ്മേളനത്തില്‍ സിഎംഎഫ്ആര്‍ഐ അവതരിപ്പിച്ച പ്രബന്ധം ചൂണ്ടിക്കാട്ടി.
സമഗ്രമായ ആസൂത്രണം, പുതിയ സാങ്കേതികവിദ്യകളുടെ പ്രചാരണം, അടിസ്ഥാനസൗകര്യവികസനം, നയരൂപീകരണം, സ്ഥലനിര്‍ണയം തുടങ്ങിയ മുന്നൊരുക്കങ്ങള്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമാണ്. തദ്ദേശീയമായ മാരികള്‍ച്ചര്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ബ്ലൂ ഇക്കോണമിയുടെ സാധ്യതകള്‍ മുതലെടുക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് കരുതുന്നത്. സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക വികസനലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് പ്രബന്ധം അവതരിപ്പിച്ച ഡോ സുരേഷ്കുമാര്‍ മൊജാഡ പറഞ്ഞു.കൂടുമത്സ്യകൃഷി, കടല്‍പായല്‍ കൃഷി, കല്ലുമ്മക്കായചിപ്പി വര്‍ഗങ്ങളുടെ കൃഷി, കടല്പായലും കൂടുകൃഷിയും സംയോജിപ്പിച്ചുള്ളരീതി (ഇംറ്റ) എന്നിവയുടെ സാങ്കേതികവിദ്യകള്‍ സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചിട്ടുണ്ട്.ഭക്ഷ്യോല്പാദന സുസ്ഥിരതക്ക് മത്സ്യമേഖലയുടെ പങ്ക് എന്ന വിഷയത്തിലാണ് ചര്‍ച്ച നടന്നത്. നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ് (നാസ്) സംഘടിപ്പിച്ച സമ്മേളനത്തിന് ആതിഥ്യമരുളിയത് സിഎംഎഫ്ആര്‍ഐയാണ്.