18-October-2023 -
By. Business Desk
കൊച്ചി : പാശ്ചാത്യ രാജ്യങ്ങളില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതും, കേടുപാടുകള്‍ ഇല്ലാത്തതുമായ സെക്കന്‍ഹാന്‍ഡ് സാധനങ്ങള്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നതിന് അവലംബിക്കുന്ന രീതിയാണ് കാര്‍ബൂട്ട് സെയിലും അതിനായുള്ള മാര്‍ക്കറ്റുകളും. ഇത്തരം മാര്‍ക്കറ്റുകളില്‍ സെക്കന്‍ഹാന്‍ഡ് വസ്തുക്കള്‍ മാത്രമാണ് വില്‍പ്പന നടത്തുന്നത്. സംസ്ഥാനത്ത് കാര്‍ബൂട്ട് സെയില്സിന് അംഗീകാരം കൊടുത്താല്‍ അത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും വഴിയോര കച്ചവടം നിയമപരമാകുകയും ചെയ്യും. ഈ സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസ്സിയേഷന് ഓഫ് കേരള (എസ്.ഡബ്യു.എ.കെ.) സംസ്ഥാന കമ്മിറ്റി. എന്തും ഏതും വഴിയോരത്ത് വില്‍പ്പന നടത്താം എന്ന അവസ്ഥ വന്നാല്‍ വലിയ മുതല്‍ മുടക്കില്‍ സംസ്ഥാനത്തുടനീളം ആരംഭിച്ചിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടേണ്ടിവരും.
സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നികുതി വരുമാനം ലഭിക്കുന്ന വ്യാപാര മേഖല അപ്പാടെ തകരും. വ്യാപാരികളും തൊഴിലാളികളും ജീവനക്കാരും പ്രതിസന്ധിയിലാകുന്നതിലും രൂക്ഷമായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ നികുതി നഷ്ടം.ചെറുകിട ഇടത്തരം വ്യാപാരികള്‍ അപ്പാടെ പൂട്ടിപോകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ലൈസന്‍സ് ഫീസ്, കെട്ടിട ഉടമകള്‍ക്ക് ലഭിക്കുന്ന വാടക, ജീവനക്കാരുടെ ശമ്പളം, തൊഴിലാളികളുടെ വേതനം, ക്ഷേമനിധി ഇവയ്ക്കൊന്നും പ്രസക്തി ഇല്ലാതാകും. ഇത്തരം സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകാതെ വ്യാപാര മേഖലയെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസ്സിയേഷന് ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ടയും, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ സിയാവുദ്ദീനും വ്യക്തമാക്കി