Society Today
Breaking News

കൊച്ചി : കൊച്ചി കോര്‍പ്പറേഷന്റെയും വിശാല കൊച്ചി അതോറിട്ടിയുടെയും (ജിസിഡിഎ) പിന്തുണയില്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന കാര്‍ബൂട്ട് സെയിലിന് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരികള്‍ക്കും അനുവദിക്കണെമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ കൊച്ചി മേയര്‍ക്കും ജിസിഡിഎ ചെയര്‍മാനും നിവേദനം നല്‍കി. അടുത്തമാസം ആദ്യം മുതലാണ് കൊച്ചിയില്‍ കാറിന്റെ ഡിക്കിയില്‍ ഉത്പന്നങ്ങളും സേവനങ്ങളും വില്‍പ്പനയ്ക്ക് വയ്ക്കുന്ന പുതിയ വില്‍പ്പന രീതിയായ കാര്‍ബൂട്ട് സെയില്‍സ് സംസ്ഥാനത്ത് തുടങ്ങുന്നത്. തെരുവോര കച്ചവടത്തിന്റെ അംഗീകൃത രൂപമാണിത്.തെരുവോര കച്ചവടക്കാര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും തങ്ങള്‍ക്കും അനുവദിക്കണമെന്നാണ് വ്യാപാരികളുടെ  ആവശ്യം.

ചെറുകിട ഇടത്തരം കച്ചവടക്കാര്‍ക്ക് ഇതിലൂടെ കെട്ടിട നികുതി, കെട്ടിട വാടക, ലൈസന്‍സ് ഫീസ്, തൊഴിലാളി ക്ഷേമ നിധി, എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്, ജീവനക്കാരുടെ ശമ്പളം, മറ്റ് ആനൂകൂല്യങ്ങള്‍ , ജി.എസ്.ടി , വൈദ്യുതി കണക്റ്റഡ് ലോഡിനുള്ള  സെക്യൂരിറ്റി, മാസാമാസമുള്ള വൈദ്യുതി ചാര്‍ജ്, ഉദ്യോഗസ്ഥരുടെ കടകള്‍ കയറിയുള്ള പരിശോധനകള്‍ എന്നിവയില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കും. പൊതുജനങ്ങളില്‍ നിന്നും നികുതി പിരിച്ച് സര്‍ക്കാരിന് നല്‍കുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തില്‍ നിന്നും വ്യാപാര സമൂഹത്തിന് മോചനം ലഭിക്കുമെന്നത് ആശ്വാസകരമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി.സി.ജേക്കബ് പറഞ്ഞു. നിലവിലുള്ള വ്യാപാരി സമൂഹത്തിനും കൂടി ആനുകൂല്യങ്ങള്‍ നല്‍കാതെ കാര്‍ബൂട്ട് സെയില്‍സ് എന്ന പേരില്‍ വഴിവാണിഭം നടത്താന്‍ ജി.സി.ഡി.എയോ, കൊച്ചി കോര്‍പ്പറേഷനോ ശ്രമിച്ചാല്‍ എന്ത് വിലകൊടുത്തും തടയുമെന്നും പി.സി.ജേക്കബ് പറഞ്ഞു.

Top