26-October-2023 -
By. news desk
കൊച്ചി: വ്യാപാരികളുടെ ആശങ്ക പരിഹരിക്കാതെ കോര്‍പ്പറേറ്റ് ഇവന്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ബൂട്ട് സെയിലിന് ഒത്താശ ചെയ്യുന്ന ജി.സി.ഡി.എയും കൊച്ചിന് കോര്‍പ്പറേഷനും നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ പ്രക്ഷോഭം ആരംഭിക്കുന്നു. സമരത്തിന്റെ ആദ്യഘട്ടമായി ഒക്ടോബര്‍ 30 ന് കടവന്ത്രയിലെ ജി.സി.ഡി.എ ഓഫിസ് ഉപരോധിക്കും. ഇതിനു മുന്നോടിയായി ചേര്‍ന്ന സമര പ്രഖ്യാപന കണ്വെന്ഷന് വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് എം.സി പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു.
വ്യാപാരികളുടെ വയറ്റത്തടിച്ച് കോര്‍പ്പറേറ്റ് ഇവന്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ ബൂട്ട് സെയില്‍ എന്ന വഴിയോരക്കച്ചവടത്തിന് ഒത്താശ ചെയ്യാനാണ് ജി.സി.ഡി.എ ചെയര്മാന് കെ ചന്ദ്രന്‍പിള്ളയുടെ നിലപാടെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി വ്യാപാരികള്‍ തെരുവിലിറങ്ങുമെന്ന് എം.സി പോള്‍സണ്‍ വ്യക്തമാക്കി. യൂത്ത് വിംഗ് എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് പ്രദീപ് ജോസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജംഷീര്‍ വാഴയില്‍, ട്രഷറര്‍ ടിജോ തോമസ്, സിറ്റി നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് തദേവൂസ്, എന്‍. എ അഭിലാഷ്, വി.കെ അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു. കെസി അനസ്, വി.എ ഷിഹാബ്,ടെന്‍സണ്‍ ജോര്‍ജ്ജ്, എസ്.എസ് സനോജ്, നടരാജ് കലൂര്‍, ജോര്‍ജ്ജ് ജെയിന്, വി.യു ജലീല്‍, ആര്.വി പ്രേം,ജിതിന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.