14-November-2023 -
By. news desk
കൊച്ചി: ഇന്ത്യയുടെ കടല്‍ മത്സ്യസമ്പത്തിലേക്ക് രണ്ട് നെയ്മീനുകള്‍ കൂടി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റേതാണ് (സിഎംഎഫ്ആര്‍ഐ) കണ്ടെത്തല്‍. ഒന്ന് പുതുതായി കണ്ടെത്തിയ അറേബ്യന്‍ സ്പാരോ നെയ്മീനാണ്. സ്കോംബെറോമോറസ് അവിറോസ്ട്രസ് എന്നാണ് ഇതിന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്നത്. രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ട റസല്‍സ് പുള്ളിനെയ്മീനാണ്. മുമ്പ് ഈ മത്സ്യം ഇന്ത്യന്‍ തീരങ്ങളില്‍ കാണപ്പെടുന്ന പുള്ളി നെയ്മീനാണെന്നാണ് കരുതിയിരുന്നത്.ഇതോടെ, ഇന്ത്യന്‍ കടലുകളില്‍ നെയ്മീനുകളുടെ എണ്ണം നിലവിലെ നാലില്‍ നിന്നും ആറായി ഉയര്‍ന്നു. ഏറെ ആവശ്യക്കാരുള്ളതും ഉയര്‍ന്ന വിപണിമൂല്യവുമുള്ളതാണ് നെയ്മീന്.ഇന്ത്യയുടെ വിവിധ തീരങ്ങളില്‍ നിന്ന് ശേഖരിച്ച പുള്ളി നെയ്മീനുകളില്‍ നടത്തിയ വിശദമായ വര്ഗീകരണജനിതക പഠനമാണ് സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. മുമ്പ് ഒരൊറ്റ ഇനമായി കണക്കാക്കപ്പെട്ടിരുന്ന പുള്ളി നെയ്മീന് യഥാര്‍ത്ഥത്തില്‍ മൂന്ന് വ്യത്യസ്തയിനം മീനുകളാണെന്ന് പഠനത്തില്‍ വ്യക്തമായി.
ഇവയില്‍, ഒന്ന് പുതുതായി കണ്ടെത്തിയ നെയ്മീനും രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ടതുമാണ്. മൂന്നാമത്തേത് നേരത്തെ തന്നെ ലഭ്യമായ പുള്ളിനെയ്മീനാണ്. ഈ മൂന്ന് നെയ്മീനുകളും മറ്റിനങ്ങളേക്കാള്‍ താരതമ്യേന ചെറുതാണ്. തീരത്തോട് അടുത്താണ് ഇവ കൂടുതലായും കണ്ടുവരുന്നത്. നല്ല രുചിയും ഉയര്‍ന്ന വിപണിമൂല്യമുള്ളതുമാണ്.അറേബ്യന്‍ സ്പാരോ നെയ്മീന് ലഭ്യമാകുന്നത് പൂര്‍ണമായും അറബിക്കടല്‍ തീരത്ത് മംഗലാപുരത്ത് നിന്നും വടക്കോട്ടുള്ള സ്ഥലങ്ങളിലാണ്. അറേബ്യന്‍ ഗള്‍ഫ് വരെ കടലില്‍ ഈ മത്സ്യം കാണപ്പെടുന്നുണ്ട്. കുരുവിയുടേതിന് സാമ്യമായ ചുണ്ടുള്ളതിനാലാണ് ശാസ്ത്രസംഘം ഈ പേര് നല്‍കിയത്. മറ്റ് രണ്ട് മീനുകളും ബംഗാള്‍ ഉള്‍ക്കടലിന്റെ തീരങ്ങളില്‍ നാഗപ്പട്ടണത്തിന് വടക്കോട്ടുള്ള ആന്‍ഡമാന്‍ ഉള്‍പ്പെടയുള്ള തീരങ്ങളിലാണ് ലഭ്യമാകുന്നത്. കൂടാതെ, ചൈനാ കടല്‍തീരത്തും ലഭിക്കുന്നുണ്ട്.രാജ്യത്തിന്റെ സമുദ്രമത്സ്യമേഖലക്ക് വലിയ മുതല്‍ക്കൂട്ടാകുന്ന നേട്ടമായാണ് ഗവേഷകര്‍ ഈ കണ്ടെത്തലിനെ കാണുന്നത്.ഈ രണ്ടെണ്ണം ഉള്‍പ്പെടെ അഞ്ച് പുതിയ മീനുകളാണ് ഡോ അബ്ദുസ്സമദിന്റെ നേതൃത്വത്തില്‍ ശാസ്ത്രത്തിന് സംഭാവന ചെയ്തിട്ടുള്ളത്. പുതിയ ഇനം ശീലാവ്, പുള്ളി അയല, പോളവറ്റ എന്നിവയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേരത്തെ കണ്ടെത്തിയ പുതിയ മീനുകള്‍.