21-November-2023 -
By. health desk
താരതമ്യേന അപൂര്‍വമായി കണ്ടുവരുന്നതും എന്നാല്‍ ഏറെ ഗുരുതരവുമായ കാന്‍സര്‍ രോഗങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. രോഗ നിര്‍ണയവും ചികിത്സയും സങ്കീര്‍ണമായതിനാല്‍ രോഗിക്ക് വളരെ അസഹ്യമായ വേദന അനുഭവിക്കേണ്ടി വന്നേക്കാം. ഇന്‍സുലിന്‍ ഉള്‍പ്പെടെ മനുഷ്യ ശരീരത്തിന് ഏറെ അത്യാവശ്യമായ ഒരു കൂട്ടം ഹോര്‍മോണുകളെ ഉല്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട ഗ്രന്ഥികളില്‍ ഒന്നാണ് പാന്‍ക്രിയാസ് അഥവാ ആഗ്നേയ ഗ്രന്ഥി. പാന്‍ക്രിയാസില്‍ അനിയന്ത്രിതമായി കാന്‍സര്‍ രോഗങ്ങള്‍ പെരുകുകയും ട്യൂമറായി രൂപപ്പെടുകയും ചെയ്യുന്നതാണ് രോഗത്തിന് വഴിവെക്കുന്നത്.
2020ലെ ഗ്ലോബ്ലോക്കോണ്‍ റിപ്പോര്‍ട്ട് പ്രകാരം പുതുതായി കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ 13ആം സ്ഥാനത്താണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ ഏഴാമതും.
പാന്‍ക്രിയാറ്റിക് കാന്‍സര്‍ എന്ന നിശബ്ദ കൊലയാളി!
മരണ നിരക്ക് ഏറ്റവും കൂടുതലുള്ള അര്‍ബുദ രോഗങ്ങളിലൊന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. അതേസമയം നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരു രോഗം കൂടിയാണിത്. പലപ്പോഴും രോഗ നിര്‍ണയം നടത്തുന്നത് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോഴാണ്. ഇതാണ് നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കാന്‍ കാരണം. ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. പലപ്പോഴും അസഹ്യമായ വയര്‍ വേദനയെ തുടര്‍ന്ന് ചികിത്സ തേടുമ്പോഴായിരിക്കും രോഗ നിര്‍ണയം നടക്കുന്നത്. ചെറുതും വലുതുമായ ഞരമ്പുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന അവയവമായതിനാല്‍ പാന്‍ക്രിയാസിലുണ്ടാകുന്ന കുഞ്ഞു ട്യൂമറുകള്‍ പോലും ശക്തമായ വേദനയുണ്ടാക്കുന്നതാണ്. അനിയന്ത്രിതമായി ശരീര ഭാരം കുറയുന്നതും വിശപ്പില്ലായ്മയുമാണ് മറ്റു പ്രധാന ലക്ഷണങ്ങള്‍. ആരെ വേണമെങ്കിലും ബാധിക്കാമെങ്കിലും പുകവലിക്കാരിലും സ്ഥിരമായി മദ്യപിക്കുന്നവരിലും രോഗ സാധ്യത വളരെ കൂടുതലാണ്.
പുകവലിക്കുന്നവര്‍ ജാഗ്രത!
മിക്ക കാന്‍സര്‍ രോഗങ്ങളിലും കണ്ടുവരുന്നത് പോലെ രോഗ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പുകവലി. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാരില്‍ പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യത പലമടങ്ങ് കൂടുതലാണ്.സിഗരറ്റ്, ബീഡി, ചുരുട്ട്, മുറുക്കാന്‍ ഉള്‍പ്പെടെ പുകയിലയുടെ ഉപയോഗം വഴി ഏറെ ഹാനികരമായ നിരവധി രാസവസ്തുക്കളാണ് ശരീരത്തിലേക്ക് എത്തുന്നത്. ഇവയില്‍ പലതും ഡി.എന്‍.എയെ തകരാറിലാക്കുന്നത്ര അപകടകാരികളാണ്. ഇത് ശരീര വളര്‍ച്ചക്ക് ഏറ്റവും അത്യാവശ്യമായ കോശവിഭജനത്തെ പ്രതികൂലമായി ബാധിക്കുന്നു. കോശവിഭജനം അനിയന്ത്രിതമായ വര്‍ധിക്കുന്നത് കാന്‍സറിന് കാരണമാകും. പാന്‍ക്രിയാസിന് പുറമേ വായ, തൊണ്ട, ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി തുടങ്ങി മിക്ക ആന്തരികാവയവങ്ങളിലും പുകയിലയുടെ ഉപയോഗം മൂലം കാന്‍സര്‍ സാധ്യത കൂടുതലാണ്.പുകയിലക്ക് പുറമേ അമിതമായ മദ്യപാനവും പാന്‍ക്രിയാറ്റിക് കാന്‍സറിന് കാരണമാകുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. പാന്‍ക്രിയാസിലുണ്ടാകുന്ന നീര്‍ക്കെട്ട്, കല്ലുകള്‍, ജനിതക പാരമ്പര്യം തുടങ്ങിയവും പാന്‍ക്രിയാസ് കാന്‍സറിന് കാരണമാകുന്നുണ്ട്.
ഈ ലക്ഷണങ്ങള്‍ അവഗണിക്കല്ലേ..!
അസഹ്യമായ വയര്‍ വേദന
പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ് അസഹനീയമായ വയര്‍ വേദന. നെഞ്ചിന് താഴെ പൊക്കിളിന് മുകളില്‍ വരുന്ന ഭാഗത്തില്‍ ഒരു അസ്വസ്ഥത തോന്നുകയും വേദന പിന്നിലേക്ക് വ്യാപിക്കുകയും ചെയ്യുന്നത് പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാണ്.
വിശപ്പില്ലായ്മയും അനിയന്ത്രിതമായ ഭാരക്കുറവും
വ്യക്തമായ കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് കുറയുന്നതും അതുപോലെ തന്നെ വിശപ്പില്ലായ്മയും കാന്‍സറിന്റെ ലക്ഷണമാകാന്‍ സാധ്യതയുണ്ട്.
നടുവേദന
പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ പ്രധാനലക്ഷണങ്ങളിലൊന്നാണ് നടുവേദന. കാന്‍സര്‍ സമീപത്തുള്ള ഞരമ്പുകളിലേക്ക് വ്യാപിക്കുമ്പോഴാണ് നടുവേദന വരുന്നത്.
പ്രമേഹം
പെട്ടെന്നുണ്ടാകുന്ന പ്രമേഹം. നിലവില്‍ പ്രമേഹം ഉള്ളവരില്‍ പെട്ടെന്ന് അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും ഇന്‍സുലിന്‍ കുത്തിവച്ചാല്‍ പോലും കുറയാത്ത സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നതും ലക്ഷണമാണ്.
മഞ്ഞപ്പിത്തം, ചര്‍മ്മത്തിെലെ ചൊറിച്ചില്‍
ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചിലും മഞ്ഞപ്പിത്തവും പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ലക്ഷണമാകാന്‍ സാധ്യതയുണ്ട്. പിത്തക്കുഴലിലുണ്ടാകുന്ന തടസത്തെ തുടര്‍ന്നാണ് മഞ്ഞപ്പിത്തം ബാധിക്കുന്നത്
ഓക്കാനം , ഛര്‍ദി, ദഹനപ്രശ്നങ്ങള്‍
ഭക്ഷണം കഴിച്ചയുടന്‍ ഓക്കാനവും ഛര്‍ദിയും അനുഭവപ്പെടുന്നത് ശരീരത്തില്‍ ട്യൂമര്‍ വളരുന്നതിന്റെ ലക്ഷണമാണ്. ദഹനക്കേട്, ക്ഷീണം, ബലഹീനത തുടങ്ങിയ ബുദ്ധിമുട്ടുകളും കാന്‍സര്‍ ലക്ഷണമാകാം.
വിദഗ്ദരായ ഡോക്ടര്‍മാരുടെ ചികിത്സ തേടാം
മിക്ക അര്‍ബുദ രോഗങ്ങളെയും അപേക്ഷിച്ച് രോഗ നിര്‍ണയവും ചികിത്സയും സങ്കീര്‍ണ്ണമാണ്. സി.ടി സ്കാന്‍ വഴിയാണ് പ്രധാനമായും രോഗനിര്‍ണയം നടത്തുന്നത്. തുടര്‍ന്ന് എന്‍ഡോസ്കോപ്പി വഴി സാമ്പിളുകള്‍ ശേഖരിച്ച് ബയോപ്സി പരിശോധന നടത്തും. അതേസമയം രോഗം സ്ഥിരീകരിക്കുന്നത് പലപ്പോഴും അവസാന ഘട്ടങ്ങളിലേക്ക് എത്തുമ്പോഴാണ്. അത് കൊണ്ട് തന്നെ കീമോ തെറാപി കൊണ്ടോ റേഡിയേഷന് ചികിത്സ കൊണ്ടോ സുഖപ്പെടുത്താന്‍ കഴിയില്ല. ശസ്ത്രക്രിയയാണ് ഏകമാര്‍ഗ്ഗം. രോഗം ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വരും. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയാണ് ഇതിന് വേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വിദഗ്ധനായ സര്‍ജനെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. രോഗം മൂര്‍ച്ഛിച്ച് ശസ്ത്രക്രിയ കൊണ്ട് ഫലം ലഭിക്കാത്തവരില്‍ കീമോതെറാപ്പി ചെയ്യുന്നത് ആയുസ് നീട്ടാന്‍ സഹായിക്കും.
തയ്യാറാക്കിയത്: ഡോ. ശ്രീലേഷ് കെ.പി (മെഡിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആസ്റ്റര്‍ മിംസ് കോഴിക്കോട്)