Society Today
Breaking News

ദുബായ്:  ഷോപ്പിംഗ് മാമാങ്കങ്ങള്‍ മുതല്‍ ലൈറ്റ് ഡിസ്‌പ്ലേകളും ശീതകാല അത്ഭുതലോകവും വരെ അനുഭവിച്ചറിയുവാനും സമൃദ്ധിയുടെയും അറേബ്യന്‍ ചാരുതയുടെയും സ്പര്‍ശനത്തോടെ ഈ ക്രിസ്മസ് ആഘോഷിക്കുവാനും ദുബായ് അരങ്ങൊരുക്കുന്നു.  2024 ജനുവരി 7 വരെ വിവിധ സ്ഥലങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ദുബായ് ടൂറിസം പദ്ധതിയിടുന്നത്. മദീനത്ത് ജുമൈറ ഫെസ്റ്റിവ് മാര്‍ക്കറ്റ്, സ്‌കീ ദുബായി, ഗ്ലോബല്‍ വില്ലേജ്, ദുബായ് എക്‌സ്‌പോ സിറ്റി, ദുബായ് ഓപ്പറ എന്നിവിടങ്ങളിലാണ് ദുബായ് ടൂറിസം ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പദ്ധതിയിടുന്നത്.

ആകര്‍ഷകമായ 36 അടി ഉയരമുള്ള മരം, സീസണല്‍ ഫുഡ് സ്റ്റാളുകളുടെ ഒരു നിര, കുടുംബസൗഹൃദ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടുന്ന മദീനത്ത് ജുമൈറ ഫെസ്റ്റിവ് മാര്‍ക്കറ്റ് 2023 ഡിസംബര്‍ 15 മുതല്‍ 2024 ജനുവരി 7 വരെ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. തദ്ദേശീയ ബ്രാന്‍ഡുകള്‍ നല്കുന്ന ഷോപ്പിംഗ് അനുഭവം, ലൈവ് ബാന്‍ഡ്, തുടങ്ങി നിരവധി ആകര്‍ഷണങ്ങള്‍ ആണ് ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരെയും ആകര്‍ഷിക്കുന്ന ഇവിടേക്ക് പ്രവേശനം സൗജന്യമാണ്. ഡിസംബര്‍ 1 മുതല്‍ 25 വരെ സാന്തയെ കാണാനും അതിനൊപ്പം മഞ്ഞില്‍ കളിക്കാനും ദുബായ് സ്‌കൈ സിറ്റി സന്ദര്‍ശകര്‍ക്ക് സൗകര്യം ഒരുക്കുന്നു. സ്ലൈഡിങ്, പെന്‍ഗ്വിനുകള്‍, സ്‌നോ പാര്‍ക്ക് സവാരി തുടങ്ങി നിരവധി ആകര്‍ഷണങ്ങള്‍ നിങ്ങളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും  സന്തോഷിപ്പിക്കുവാന്‍ ഉതകുന്ന ഒന്നാണ്.

മള്‍ട്ടി കള്‍ച്ചറല്‍ ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് ഡെസ്റ്റിനേഷനായ ഗ്ലോബല്‍ വില്ലേജില്‍ മഞ്ഞു വീഴുന്ന 22 മീറ്റര്‍ ഗിഫ്റ്റ് നിറച്ച മരവും ഒട്ടകത്തില്‍ സാന്തയുടെ അപ്രതീക്ഷിത സന്ദര്‍ശനവും കൊണ്ട് മനോഹരമായ ശൈത്യകാല ആഘോഷങ്ങള്‍ക്കായി അലങ്കരിച്ചിരിക്കുന്നു. ടര്‍ക്കിഷ് സ്‌റ്റെയിന്‍ഡ് ഗ്ലാസ് വിളക്കുകള്‍, ഇന്ത്യയില്‍ നിന്നുള്ള വര്‍ണ്ണാഭമായ എംബ്രോയ്ഡറി പേഴ്‌സുകള്‍, യൂറോപ്പിലുടനീളമുള്ള കരകൗശല വിദഗ്ധരില്‍ നിന്നുള്ള സങ്കീര്‍ണ്ണമായ ആഭരണങ്ങള്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ വാങ്ങുവാന്‍ മികച്ച ഒരിടമായ ഗ്ലോബല്‍ വില്ലേജ് 2023 ഡിസംബര്‍ 11 മുതല്‍ 2024 ജനുവരി 7 വരെ തുറന്നിരിക്കും. 2023 ഡിസംബര്‍ 8 മുതല്‍ 2024 ജനുവരി 7 വരെ എക്‌സ്‌പോ സിറ്റി ദുബായ് വീണ്ടും ഒരു മാന്ത്രിക ശീതകാല അത്ഭുതലോകമായി മാറുകയാണ്.  ജിഞ്ചര്‍ബ്രെഡ് നിര്‍മ്മാണം, ഉത്സവകാല ഭക്ഷണവിഭവങ്ങള്‍, പാനീയങ്ങള്‍, തീര്‍ച്ചയായും സാന്താസ് ഗ്രോട്ടോ തുടങ്ങിയ പ്രവര്‍ത്തനങ്ങളും വര്‍ക്ക് ഷോപ്പുകളും ഇവിടെ ഉണ്ടാകും. കൂടാതെ അവിസ്മരണീയമായ ട്രീ ലൈറ്റിംഗ് ചടങ്ങിന് സാക്ഷ്യം വഹിക്കുകയും ചെയ്യാം.റഷ്യന്‍ സംഗീതസംവിധായകന്‍ ചൈക്കോവ്‌സ്‌കിയുടെ ബാലെ മാസ്റ്റര്‍പീസായ 'ദി നട്ട്ക്രാക്കറിന്റെ' കാലാതീതമായ മാസ്മരികതയെ ദുബായ് ഓപ്പറ സ്വാഗതം ചെയ്യുന്നു. കസാക്കിസ്ഥാനില്‍ നിന്നുള്ള അസ്താനയിലെ പ്രശസ്തമായ ബാലെ തിയേറ്ററും സ്‌റ്റേറ്റ് ഓപ്പറ ഓര്‍ക്കസ്ട്രയും അവതരിപ്പിക്കുന്ന ഈ അവധിക്കാല ക്ലാസ്സിക് 2023 ഡിസംബര്‍ 15 മുതല്‍ 17 വരെ ദുബായ് ഓപ്പറയില്‍ അവതരിപ്പിക്കും.
 

Top