Society Today
Breaking News

കൊച്ചി: ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണര്‍ത്തുന്ന കടലറിവുകളുമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ)  പൊതുജനങ്ങള്‍ക്കായി നാളെ തുറന്നിടും. സിഎംഎഫ്ആര്‍ഐയുടെ 77ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം നടത്തുന്നത്.വിവിധ ഗവേഷണവിഭാഗങ്ങള്‍ ഒരുക്കുന്ന പ്രദര്‍ശനം, കടല്‍ജൈവവിധ്യങ്ങളുടെ അപൂര്‍വ ശേഖരങ്ങളുള്ള മ്യൂസിയം, മറൈന്‍ അക്വേറിയം എന്നിവ സന്ദര്‍ശിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകും.ഏറ്റവും മത്സ്യമായ തിമിംഗല സ്രാവ,് കടല്‍ മുയല്‍, പറക്കും കൂന്തല്‍, കടല്‍ വെള്ളരി, പലതരം കടല്‍ സസ്യങ്ങള്‍, കടല്‍പാമ്പുകള്‍, വിഷമത്സ്യങ്ങള്‍ തുടങ്ങി മൂവായിരത്തോളം സമുദ്ര ജൈവവൈവിധ്യങ്ങളുടെ ശേഖരമടങ്ങുന്നതാണ് സിഎംഎഫ്ആര്‍ഐയിലെ നാഷണല്‍ മറൈന്‍ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം.

കടലില്‍ നിന്ന് പിടിക്കുന്ന ചെറുതും വലുതുമായ മത്സ്യങ്ങള്‍, ചെമ്മീന്‍ഞണ്ട്കക്കവര്‍ഗ്ഗയിനങ്ങള്‍, സൂക്ഷ്മ ആല്‍ഗകള്‍, കടലിനടിയിലെ മുത്തുകള്‍, കടല്‍കൃഷിയുമായി ബന്ധപ്പെട്ട നൂതനരീതികള്‍, കണ്ടല്‍തൈകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. കാഴ്ചകള്‍ക്കൊപ്പം അവയുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മനസ്സിലാക്കാനും അവസരമുണ്ടാകും. സിഎംഎഫ്ആര്‍ഐയുടെ ഗവേഷണമേഖലകള്‍ അടുത്തറിയാനും സംശയനിവാരണത്തിനും പ്രദര്‍ശനം പ്രയോജനപ്പെടും. രാവിലെ 10 മുതല്‍ 4 വരെയാണ് ഓപണ്‍ ഹൗസിന്റെ സമയം. പ്രവേശനം സൗജന്യമാണ്.സമുദ്രമത്സ്യസമ്പത്തിന്റെ സുസ്ഥിര ഉപയോഗത്തെ കുറിച്ചും സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഓപ്പണ്‍ ഹൗസിലൂടെ സിഎംഎഫ്ആര്‍ഐ ലക്ഷ്യമിടുന്നത്.

Top