Society Today
Breaking News

കൊച്ചി: സ്രാവുകളുടെ സംരക്ഷണം മുന്‍നിര്‍ത്തി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 'സ്രാവ് ഹോട്‌സ്‌പോട്ടുകള്‍' നിശ്ചയിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). സ്രാവ് പിടുത്തവുമായി ബന്ധപ്പെട്ട് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനാണ് ഈ നിര്‍ദേശം. വംശനാശഭീഷണി നേരിടുന്നതും പ്രജനനം നടത്താന്‍ പാകമായതുമായ സ്രാവിനങ്ങള്‍, കുഞ്ഞുങ്ങള്‍ എന്നിവയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.  സ്രാവുകളുടെ സംരക്ഷണം സംബന്ധിച്ച് കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ് സിഎംഎഫ്ആര്‍ഐ ഈ നിര്‍ദേശം അവതരിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്രാവുകളുടെ ലഭ്യത കുറഞ്ഞുവരുന്നതായാണ് കണക്ക്. മിക്ക സ്രാവുകള്‍ക്കും കൂടിയ ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞ പ്രത്യുല്‍പാദന നിരക്കുമാണുളളത്. അതിനാല്‍ തന്നെ അമിതചൂഷണത്തെ പ്രതിരോധിക്കാന്‍ കഴിയില്ല. ഇവയുടെ ചെറിയ കുഞ്ഞുങ്ങളുടെ പിടികൂടുന്നതും സ്രാവ് സമ്പത്തിന് ഭീഷണിയാണ്. ഇന്ത്യന്‍ തീരങ്ങളില്‍ 2012 മുതല്‍ 2022 വരെയുള്ള സ്രാവ്, തിരണ്ടി, ഗിത്താര്‍ മത്സ്യം എന്നിവയുടെ മൊത്ത ലഭ്യതയില്‍ ഏകദേശം 55 ശതമാനം കുറവുണ്ടായിട്ടുണ്ട് ശില്‍പശാലയില്‍ സിഎംഎഫ്ആര്‍ഐ അവതരിപ്പിച്ച റിപ്പോര്‍്ട്ട് ചൂണ്ടിക്കാട്ടി.സ്രാവുകളുടെ സംരക്ഷണത്തിന് തുടര്‍ച്ചയായ നിരീക്ഷണവും വിലയിരുത്തലുകളും ആവശ്യമാണ്. മത്സ്യത്തൊഴിലാളികളെയും അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും കൃത്യമായി ബോധവല്‍ക്കരിക്കുകയും വേണം റിപ്പോര്‍ട്ട് അവതരിപ്പിച്ച സിഎംഎഫ്ആര്‍ഐയിലെ ഫിന്‍ഫിഷ് ഫിഷറീസ് ഡിവിഷന്‍ മേധാവി ഡോ ശോഭ ജോ കിഴക്കൂടന്‍ പറഞ്ഞു.

സ്രാവുകളെക്കുറിച്ചുള്ള സിഎംഎഫ്ആര്‍ഐയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍  ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് സ്രാവ്തിരണ്ടിഗിത്താര്‍മത്സ്യ വിഭാഗത്തില്‍പെട്ട 121 ഇനങ്ങളുടെ വാര്‍ഷിക ലാന്‍ഡിംഗ് വിവരങ്ങള്‍ സിഎംഎഫ്ആര്‍ഐ രേഖപ്പെടുത്തിവരുന്നുണ്ട്. ഏതൊക്കെ രീതികളാണ് സ്രാവുകളുടെ നിലനില്‍പ് അപകടത്തിലാക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് സിഎംഎഫ്ആര്‍ഐ ഊന്നല്‍ നല്‍കും. ഫലപ്രദമായ സംരക്ഷണം, സുസ്ഥിരത, കൈകാര്യരീതികള്‍ എന്നിവ രൂപപ്പെടുത്തുന്നതിന് ഈ അറിവ് നിര്‍ണായകമാകും. സ്രാവ് സമ്പത്തിനെ ആശ്രയിക്കുന്ന തീരദേശ സമൂഹങ്ങളുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് ഗുണം ചെയ്യും.  അദ്ദേഹം പറഞ്ഞു.  സിഎംഎഫ്ആര്‍ഐയെ ഇന്ത്യയിലെ സൈറ്റസ്  (വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്തര്‍ദേശീയ വ്യാപാരത്തെക്കുറിച്ചുള്ള കണ്‍വെന്‍ഷന്‍) സയന്റിഫിക് അതോറിറ്റിയായി അംഗീകരിച്ചിട്ടുണ്ട്. ,

കൂടാതെ സൈറ്റസ് പട്ടികയിലുള്‍പ്പെട്ട സമുദ്രജീവികളെക്കുറിച്ചുള്ള നോണ്‍ഡിട്രിമെന്റല്‍ ഫൈന്‍ഡിംഗ് പഠനങ്ങള്‍ നടത്തുന്നതും സിഎംഎഫ്ആര്‍ഐയാണ്. ഇതുവരെ,  11 മത്സ്യങ്ങളുടെ  ആറ് എന്‍ഡിഎഫ് പഠനങ്ങള്‍ സിഎംഎഫ്ആര്‍ഐ പുറത്തിറക്കിയിട്ടുണ്ട്.സ്രാവുകളുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ സിഎംഎഫ്ആര്‍ഐയുടെ വൈദഗ്ധ്യം ആഗോള അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണ്. കടല്‍ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി രാജ്യാന്തര സ്ഥാപനങ്ങളുടെ പഠനസംഘങ്ങളിലും പാനലുകളിലും സിഎംഎഫ്ആര്‍ഐയിലെ ഗവേഷകര്‍ ഇടംനേടിയിട്ടുണ്ട്.സ്രാവുകളുടെ ജനിതകപഠനവുമായി ബന്ധപ്പെട്ട് സാങ്കേതിക സഹകരണത്തിനായി ഒമാന്‍ സര്‍ക്കാര്‍ സിഎംഎഫ്ആര്‍ഐയെ സമീപിച്ചിട്ടുണ്ടെന്ന് ഡോ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Top