Society Today
Breaking News

കൊച്ചി: 180 വര്‍ഷത്തിലധികം പഴക്കമുള്ള എറണാകുളം എസ്ആര്‍വി സ്‌കൂളിന്റെ പൈതൃകം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍. എറണാകുളം എസ്.ആര്‍.വി ഹൈസ്‌കൂളിലെ വെളളക്കെട്ട് നിവാരണത്തിനായി എസ്.ആര്‍.വി ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയില്‍ പൂര്‍ത്തിയായ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങള്‍ പഠിച്ച എസ്ആര്‍വി സ്‌കൂളിന്റെ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ക്കിടെക്റ്റ് പ്രൊഫ ബി ആര്‍ അജിത് ചടങ്ങില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു  ഇക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയത്. ലോക് സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളത്തില്‍ ടി.ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.വെള്ളക്കെട്ട് നിവാരണ പദ്ധതിയ്ക്കായി സിഎസ് ആര്‍ ഫണ്ട് മുഖേന 12 ലക്ഷം അനുവദിച്ച സെയിന്റ് ഗോബിയന്‍ ഗ്ലാസ് മാനേജിംഗ് ഡയറക്ടര്‍ ഉണ്ണികൃഷ്ണന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു.  നിര്‍മ്മാണ ജോലി പൂര്‍ത്തിയാക്കിയ  കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ സുനില്‍ ബാബുവിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ഹൈബി ഈഡന്‍ എം.പി, സ്‌കൂള്‍ രക്ഷാധികാരി ഡോ. എ.കെ സഭാപതി, പി.ടി. എ പ്രസിഡന്റ് രജീവ്, വെള്ളക്കെട്ട് നിവാരണ പദ്ധതി കമ്മിറ്റി വൈസ് പ്രസിഡന്റ് കര്‍മ്മ ചന്ദ്രന്‍, ഇന്ത്യന്‍ ടീം മുന്‍ ഫുട്‌ബോള്‍ താരവുംഎസ്.ആര്‍.വി ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ  സി സി ജേക്കബ്, ജോയിന്റ് സെക്രട്ടറി എം ടി വര്‍ഗ്ഗീസ്, ഹൈസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ എന്‍ ബിജു തുടങ്ങിയവര്‍ സംസാരിച്ചു. 

Top