20-May-2024 -
By. news desk
കൊച്ചി : പരാജയത്തെ നേരിടാനറിയാത്ത പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഫാമിലി ക്ലബ്ബുകള്‍ മുന്‍കൈ എടുക്കണമെന്ന് പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ എസ് രാധാകൃഷ്ണന്‍. എറണാകുളം സെഞ്ചുറി ഫാമിലി ക്ലബ്ബിന്റെ 36ാമത് വാര്‍ഷിക ആഘോഷ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരാജയം സംഭവിക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ വിദ്യാര്‍ഥികള്‍ പതറുന്നതിന്റെ പ്രധാന കാരണം മാതാപിതാക്കള്‍ തന്നെയാണ്. ജീവിതം ജയിക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് അവര്‍ കുട്ടികളെ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ചെറിയ ഒരു പരാജയം സംഭവിക്കുമ്പോള്‍ പോലും അത് എങ്ങനെ നേരിടണമെന്നറിയാതെ പകച്ചു പോകുകയാണ് കുട്ടികള്‍. പരാജയത്തിന്റെ കൈയ്പ്പുനിര്‍ കുടിച്ച് തകര്‍ന്ന നിരവധി വ്യക്തിത്വങ്ങള്‍ പിന്നീട് ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ ചരിത്രം നമ്മുക്ക് ചുറ്റുമുണ്ട്. അവരുടെ അനുഭവ പാഠങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ ഫാമിലി ക്ലബ്ബുകള്‍ക്ക് സാധിക്കും.
വിജയത്തിനു പിന്നാലെ മാത്രം ഓടുന്നതല്ല ജീവിതം. പരാജയവും ജീവിതത്തിന്റെ ഭാഗമാണ്. ചെറിയ പരാജയമാണെങ്കിലും അതിനെ കരുത്തോടെ നേരിടണം. ഇതിനുള്ള പരിശീലനം ഇന്ന് നമ്മുടെ കോളജുകളിലോ സ്‌കൂളുകളിലോ ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഫാമിലി ക്ലബ്ബുകള്‍ ഇത് ദൗത്യമായി ഏറ്റെടത്ത് യുവ തലമുറയെ കൈപിടിച്ചു നടത്തണമെന്നും ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. ക്ലബ്ബിന്റെ വിവിധ വികസന പദ്ധതികളുടെയും വാര്‍ഷികാഘോഷത്തിന്റെയും ഉദ്ഘാടനം കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
ക്ലബ്ബ് സ്ഥാപക അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് എം.വി തോമസ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എയും മുന്‍ മേയറുമായ ദിനേശ് മണി, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വല്‍സല കുമാരി, ഓള്‍ കേരള ക്ലബ്ബ് അസ്സോസിയേഷന്‍ പ്രസിഡന്റ് ജോസ്‌കുട്ടി സേവ്യര്‍, സെഞ്ചുറി ക്ലബ്ബ് സെക്രട്ടറി കെ ആര്‍ സജീവ്, മുന്‍പ്രസിഡന്റ് ഡോ. അജയകുമാര്‍, ക്ലബ്ബ് സ്ഥാപക അംഗങ്ങളും മുന്‍ പ്രസിഡന്റുമാരുമായ ബാബു സി ജോര്‍ജ്ജ്, പി ഒ സാംസണ്‍, സി ജെ ചാര്‍ളി, ബേബി ജോണ്‍, ഫ്രാന്‍സിസ് കെ.പോള്‍, മാത്തന്‍ വര്‍ഗ്ഗീസ്, ജി.സി.പി പോള്‍, ക്ലബ്ബ് വനിതാ വിംഗ് സാരഥികളായ സന്ധ്യ, കമലം തുടങ്ങിയവരും സംസാരിച്ചു.