Society Today
Breaking News

കൊച്ചി: മേഘവിസ്‌ഫോടനത്തിന് സമാനമായ രീതിയില്‍ പെയ്ത കനത്ത മഴയില്‍ കൊച്ചിയുടെ വിവിധ പ്രദേശങ്ങള്‍ മുങ്ങി.കൊച്ചി ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലായിരുന്നു ഇന്നലെ രാവിലെ ഏഴു മുതല്‍ ഉച്ചവരെ മഴ പെയ്തിറങ്ങിയത്. കൊച്ചിയുടെ എവിടെ നോക്കിയാലും വെള്ളക്കെട്ട് മാത്രമായിരുന്നു കാണാനുണ്ടായിരുന്നത്. ഒന്നര മണിക്കൂറില്‍ ഏകദേശം നൂറു മില്ലീ മീറ്ററിനടുത്തായിരുന്നു മഴ പെയ്തത്.

കളമശേരി, ഇടപ്പള്ളി മേഖലകള്‍ വെള്ളത്തില്‍ മുങ്ങി. കളമശേരിയില്‍ ഏകദേശം നാനൂറോളം വീടുകള്‍ വെള്ളത്തിലായി.  തൃക്കാക്കരയില്‍ പ്രമുഖ സാഹിത്യകാരി ഡോ.എം.ലീലാവതി ടീച്ചറുടെ വീട്ടില്‍ വെള്ളം കയറി പുസ്തകങ്ങളും വീട്ടുപകരണങ്ങളും നശിച്ചു. വീടിനുള്ളില്‍ വാക്കറില്‍ നടക്കുന്ന ലീലാവതി ടീച്ചറെ സഹായിയായ ബിന്ദു വളരെ ബുദ്ധിമുട്ടി മുകള്‍ നിലയിലെത്തിച്ചു. ഇതിനകം പുരസ്‌കാരങ്ങളും ഡയറിയും ദിനക്കുറിപ്പുകള്‍ എഴുതുന്ന പുസ്തകവും വെള്ളം കയറി നശിച്ചു.  തുടര്‍ന്ന് സമീപത്തു താമസിച്ചിരുന്ന മകന്‍ വിനയനെത്തി ലീലാവതി ടീച്ചറെ വീട്ടിലേക്കുകൊണ്ടുപോയി.

ആലുവ ഇടപ്പള്ളി റോഡില്‍ വന്‍ വെള്ളക്കെട്ടാണ് മഴയില്‍ ഉണ്ടായത്. ഇടറോഡുകള്‍ തോടുകള്‍ക്ക് സമാനമായി മാറി. കനത്ത മഴയും വെള്ളക്കെട്ടും ഉണ്ടായതോടെ നഗരം ഇന്നലെ ഉച്ചവരെ ഗതാഗതക്കുരുക്കില്‍ അമര്‍ന്നു. ഉച്ചയോടെ മഴ ശമിച്ചു. നഗരത്തില്‍ സഹോദരന്‍ അയ്യപ്പന്‍ റോഡ്, മസ്ജിദ് റോഡ്, എം.ജി. റോഡ്, നോര്‍ത്ത് എന്നിവിടങ്ങളില്‍ കനത്തവെള്ളക്കെട്ടായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധനത്തിനുപോയ വള്ളം തകര്‍ന്നു. ലൈഫ് ജാക്കറ്റ് ധരിച്ച് കരയിലേക്ക് നീന്തി ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരും രക്ഷപ്പെട്ടു.കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ മഴ വീണ്ടും നാശനഷ്ടങ്ങള്‍ക്കു കാരണമായി. റോഡുകളില്‍ വെള്ളം നിറഞ്ഞു. ഗതാഗതം സ്തംഭിച്ചു.തോപ്പുംപടി പി ആന്‍ഡ് ടി കോളനി, കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ വെള്ളം നിറഞ്ഞു. ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് കയറാന്‍ പോലും കഴിയുന്ന സ്ഥിതിയായിരുന്നില്ല.


 

Top