5-June-2024 -
By.
കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസ്സോസിയേഷന്റെ (കെ.പി.എം.എ) നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി,കോഴിക്കോട് ബീച്ചുകള്‍ ശുചീകരിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് കേരളത്തിലെ രണ്ട് പ്രമുഖ ബീച്ചുകളുടെ ശുചീകരണം കെ.പി.എം.എ നടത്തിയത്. ഫോര്‍ട്ട് കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറില്‍ കെ.പി.എം.എ മധ്യമേഖല പ്രസിഡന്റ് പി.ജെ.ജോര്‍ജ്കുട്ടിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച പൊതുയോഗം ബി.പി.സി.എല്‍ കൊച്ചി റിഫൈനറി അഡ്മിനസ്‌ട്രേറ്റീവ് മാനേജര്‍ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു.
വരും തലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അതിനായി എല്ലാ ദിനത്തെയും പരിസ്ഥിതി ദിനമായി കണ്ട് ശുചീകര സംസ്‌കാരം വളര്‍ത്തണമെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി (സിപെറ്റ്) ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ഷിഷിര്‍ സിന്‍ഹ ആഹ്വാനം ചെയ്തു.
ക്ലീന്‍ ഫോര്‍ട്ട് കൊച്ചി ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ അൗര്യ കൈയിം പരിസ്ഥിതി സന്ദേശം നല്‍കി. കെ.പി.എം.എ ഭാരവാഹികളായ ജെ.സുനില്‍, ഷാഹുല്‍ ഹമീദ്, എം.എസ്.ജോര്‍ജ്, മുഹമ്മദ് ഇര്‍ഫാന്‍, പി.ജെ.മാത്യു, മുഹമ്മദ് താരിഹ്, ഇ.സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫോര്‍ട്ട കൊച്ചിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സിപെറ്റ് കൊച്ചി കാമ്പസിലെ വിദ്യാര്‍ത്ഥികളും, സന്നദ്ധപ്രവര്‍ത്തകരും പങ്കാളികളായി.