Society Today
Breaking News

കോലഞ്ചേരി: കോലഞ്ചേരി പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ് കോളേജില്‍ യോഗ ദിനാചരണം നടത്തി.  കോളജിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ദിനാചരണത്തില്‍ കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ്് കോളേജ്,  സെയ്ന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍.സി.സി.കേഡറ്റുകളും, വെണ്ണിക്കുളം ഫെയ്ത്ത് ഇന്ത്യയിലെ കുട്ടികള്‍, പഴന്തോട്ടം നവജീവന്‍ യോഗാ കേന്ദ്രത്തിലെ പഠിതാക്കള്‍ അടക്കം 180  പേര്‍ പങ്കെടുത്തു.

പ്രസ്‌ക്ലബ്ബ പ്രസിഡന്റ് പ്രദീപ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിനുജ ജോസഫ് ദിനാചരണം ഉദ്ഘാടനം ചെയ്തു. യോഗാചാര്യന്‍ ടി.എം. വര്‍ഗീസ് യോഗാദിന സന്ദേശം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്ര്‌സ് ജെയ്‌മോള്‍ വി. ചാക്കപ്പന്‍, എന്‍.സി.സി. ഓഫീസര്‍മാരായ ജിന്‍ അലക്‌സാണ്ടര്‍, രഞ്ജിത് പോള്‍, നവജീവന്‍ യോഗാ കേന്ദ്ര അംഗം പി.എം. ജോര്‍ജ്, എം.വി. ശശിധരന്‍, എന്നിവര്‍ പ്രസംഗിച്ചു. പ്രസ്സ് ക്ലബ് അംഗങ്ങളായ റ്റി. റ്റി. പൗലോസ്, സനൂപ് കുട്ടന്‍, അജേഷ് സി.എസ്. മാത്യു കിങ്ങിണിമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു. യോഗ പ്രദര്‍ശനത്തിനൊപ്പം പുതിയ യോഗ രീതികളുടെ പഠനവും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

കൊച്ചി: സ്‌പൈസസ് ബോര്‍ഡിന്റെ കൊച്ചിയിലെ ആസ്ഥാന മന്ദിരത്തില്‍  നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ ഋതംബര യോഗ ഇന്റര്‍നാഷണലിന്റെ സഹ സ്ഥാപകനും യോഗ പരിശീലകനുമായ വിനീഷ് കമ്മത്ത് ക്ലാസിന് നേതൃത്വം നല്‍കി. രാജ്യത്തെ 83 ഓളം സ്‌പൈസസ് ബോര്‍ഡ് ഓഫിസുകളില്‍ നിന്ന്  നിരവധി  ജീവനക്കാര്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും ക്ലാസ്സില്‍ പങ്കെടുത്തു. തുടര്‍ന്ന്, നിത്യജീവിതത്തില്‍ യോഗ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. സ്‌പൈസസ് ബോര്‍ഡ് ഡയറക്ടറായ ധര്‍മേന്ദ്ര ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ജിജേഷ് ടി ദാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി പ്രത്യുഷ്  എന്നിവര്‍ സംസാരിച്ചു.


 

Top