26-June-2024 -
By. news desk
കൊച്ചി: പഴയ കൊച്ചി രാജ്യത്തെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തെതുമായ വനിതാ കോളേജായ എറണാകുളം സെന്റ് .തെരേസാസ് കോളജ് ശതാബ്ദി നിറവില്‍. അടുത്തവര്‍ഷം ശതാബ്ദി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീളുന്ന പദ്ധതികളാണ് കോളേജ് തയാറാക്കിയിട്ടുള്ളത്. കോളേജിന്റെ ശതാബ്ദിയാഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി രാഷ്ട്രപതി സെപ്തംബറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സെന്റ് .തെരേസാസ് കോളേജ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും മാനേജരുമായ ഡോ.സിസ്റ്റര്‍ വിനീത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടി ഡി റോഡില്‍ പുതുതായി നിര്‍മിച്ച സെന്റിനറി ബ്ലോക്കിന്റെ രണ്ടാം ഘട്ട നിര്‍മാണം പുരോഗമിക്കുകയാണ്. പതിനൊന്ന് നിലകളുള്ള ശതാബ്ദി സ്മാരക ബ്ലോക്കിലാകും ഇനി സ്വാശ്രയ കോഴ്സുകള്‍ പൂര്‍ണമായും നടത്തപ്പെടുക. വല്ലാര്‍പാടത്ത് മുതിര്‍ന്ന പൗരന്മാര്ക്കായി കാരുണ്യനികേതന് പദ്ധതി, പാലിയേറ്റിവ് രോഗികള്‍ക്കായി തുഷാരം പദ്ധതി, സംരംഭകത്വ പരിപാടിയായ റ്റിബിക് ഇന്‍കുബേഷന്‍ സെന്റര്‍, തെരേസ്യന്‍ സ്കില്‍ ഹബ് എന്നിവയാണ് ശതാബ്ദിയോടനുബന്ധിച്ച് നടപ്പാക്കുന്ന പ്രധാന പദ്ധതികള്‍. ശതാബ്ദിയുടെ ഭാഗമായി ആഗോളതലത്തില്‍ പൂര്‍വ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് 18 ആലുംനി ചാപ്റ്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്.ജൂണ്‍ 27 ന് ബാംഗ്ലൂര്‍ ബിഷപ്പ് ഫാ.പീറ്റര്‍ മച്ചാഡോ അര്‍പ്പിക്കുന്ന കൃതജ്ഞതാബലിയോടെ ശതാബ്ദി ആഘോഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.
ശതാബ്ദി ബ്ലോക്കിന്റെ ഉദ്ഘാടനവും തുഷാരം പദ്ധതിയുടെ ഭാഗമായി 100 ക്യാന്‍സര്‍ രോഗികള്‍ക്കുള്ള അവശ്യമരുന്ന് വിതരണവും നടക്കും. അടുത്തമാസം തെരേസ്യന്‍ ഇന്നൊവേഷന് സമ്മിറ്റ് സംഘടിപ്പിക്കും. ആഗസ്റ്റ് പത്തിന് ഗ്ലോബല്‍ അലുംനി മീറ്റ്, 12 മുതല്‍ 14 വരെ രാജ്യാന്തര നൃത്തോത്സവം എന്നിവയും സംഘടിപ്പിക്കും. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തില്‍ നൂറ് വിമുക്ത ഭടന്മാരെ ആദരിക്കും. സെപ്തംബര്‍ എട്ടിന് തെരേസ്യന്‍ സെന്റിനറി മാരത്തോണ്‍ നടക്കും. ഒക്ടോബറില്‍ യൂത്ത് സംമിറ്റും ദേശീയ സാംസ്കാരികോത്സവവും സംഘടിപ്പിക്കുന്നുണ്ട്. ഡിസംബര്‍ ആദ്യവാരം തെരേസ്യന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ജനുവരി 11 ന് 'ബ്ലാക് സ്വാന് ' നൃത്തനാടകം അരങ്ങേറും.
ഫെബ്രുവരി ആദ്യവാരം ഗ്ലോബല്‍ എക്സ്പോ, ഫാഷന്‍ വീക്ക് എന്നിവയും നടക്കും. വിപുലമായ പരിപാടികളാണ് ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് തയാറാക്കിയിരിക്കുന്നതെന്ന് സിസ്റ്റര്‍ വിനീത പറഞ്ഞു. നാക് എ പ്ലസ് പ്ലസ് അക്രഡിറ്റേഷന് ലഭിട്ടുള്ള സെന്റ് .തെരേസാസ് കോളേജിന് എന്‍ഐആര്‍എഫ് റാങ്കിംഗില്‍ നാല്പത്തിയൊന്നാം സ്ഥാനനം ലഭിച്ചിട്ടുണ്ട്. നിലവില്‍ 25 വിഭാഗങ്ങളിലായി 4200 ഓളം വിദ്യാര്‍ഥികളാണുള്ളത്. 68 കോഴ്സുകള്‍ കോളെജില്‍ ലഭ്യമാണ്. 7 ഗവേഷണ കേന്ദ്രങ്ങളും 108 ഗവേഷണ വിദ്യാര്‍ഥികളുമുണ്ട്. തൊഴിലധിഷ്ഠിത ഡിപ്ളോമ കോഴ്സുകളും കോളേജ് നടത്തിവരുന്നു.100 വര്‍ഷം പൂര്‍ത്തിയാക്കുന്ന സെന്റ്. തെരേസാസ് കോളെജിന്റെ ചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള ഗ്രന്ഥം സെപ്തംബറില്‍ പ്രസിദ്ധീകരിക്കും.ചീഫ് അഡ്മിനിസ്ട്രേറ്റര്‍ സജിമോള്‍ കുറുപ്പ്, പ്രിന്‍സിപ്പാള്‍ അല്‍ഫോണ്‍സ വിജയ, മാനേജര്‍ ഡോ. സിസ്റ്റര്‍ വിനീത, വൈസ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍. സുജിത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.