Society Today
Breaking News

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സഹായമെത്രനായി നിയോഗിക്കപ്പെട്ട മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം ഈ മാസം 30 ന് നടക്കുമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്ക അങ്കണത്തില്‍ വെച്ച് വൈകുന്നേരം നാലിനായിരിക്കും ചടങ്ങുകള്‍ ആരംഭിക്കുക. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍  മുഖ്യകാര്‍മ്മികത്വം വഹിക്കും. വരാപ്പുഴ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍,കോട്ടപ്പുറം രൂപതാ മുന്‍ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവര്‍ മുഖ്യസഹകാര്‍മ്മികരാകും. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും കോഴിക്കോടു രൂപതാ മെത്രാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍  വചനപ്രഘോഷണം നടത്തും.കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള നിരവധി ബിഷപ്പുമാര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സീറോമലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്  കാര്‍ഡിനല്‍ ക്ലിമ്മിസ് കാതോലിക്ക ബാവ , സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ജുവാന്‍ പാബ്ലോ സെറി ലോസ് ഹെര്‍ണാന്‍ഡസ് എന്നിവര്‍ പങ്കെടുക്കും. വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ സഹായ മെത്രാനാണ് ഡോ. ആന്റണി വാലുങ്കല്‍

മോണ്‍. ആന്റണി വാലുങ്കല്‍ എരൂര്‍ സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ പരേതരായ മൈക്കിളിന്റെയും ഫിലോമിനയുടെയും മകനായി 1969 ജൂലൈ 26നാണ് ജനിച്ചത്. 1984 ജൂണ്‍ 17ന് വൈദികപരിശീലനത്തിനായി മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ആലുവ കാര്‍മ്മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്രപഠനവും മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി. 1994 ഏപ്രില്‍ 11ന് ബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലില്‍ നിന്നും വൈദിക പട്ടം  സ്വീകരിച്ചു. തുടര്‍ന്ന് വിവിധ ഇടവകളില്‍ സേവനം അനുഷ്ടിച്ച മോണ്‍. ആന്റണി വാലുങ്കല്‍ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, വിയാനിഹോം സെമിനാരി ഡയറക്ടര്‍,  ജോണ്‍പോള്‍ ഭവന്‍ സെമിനാരി ഡയറക്ടര്‍ എന്നീ നിലകളില്‍  സേവനം അനുഷ്ഠിച്ചു. കൂടാതെ ആലുവ കാര്‍മ്മല്‍ഗിരി സെമിനാരി സ്പിരിച്ച്വല്‍ ഡയറക്ടര്‍, പ്രൊഫസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ുണ്ട്.ബാംഗ്ലൂരിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പിരിച്ച്വാലിറ്റിയില്‍ നിന്നും ആദ്ധ്യാത്മിക ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും പിന്നീട് ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. 2021 മുതല്‍ വല്ലാര്‍പാടം ബസലിക്കാ റെക്ടറായി സേവനം അനുഷ്ടിച്ചു വരുന്നതിനിടയിലാണ് അതിരൂപതാ സഹായമെത്രാനായി നിയമിതനായത്.


 

Top